മൈഗ്രേൻ പലതരം, ട്രിഗറുകളും വ്യത്യസ്തം
Wednesday, July 26, 2023 6:10 PM IST
ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റി മൈഗ്രേനിൽ അഞ്ചു തരത്തിലുള്ള മറ്റൊരു തരംതിരിവും മുന്നോട്ടു വയ്ക്കുന്നുണ്ട്.
1. കണ്ഫ്യൂഷണൽ മൈഗ്രേൻ!
ഈ പ്രതിഭാസമുള്ള കുട്ടികൾക്ക് പെട്ടെന്ന് മറ്റുള്ളവരുമായി സന്പർക്കം പുലർത്താൻ സാധിക്കാതെ വരുന്നു. താറുമാറായ മാനസികാവസ്ഥമൂലം കൊടിഞ്ഞിയുമുണ്ടാകുന്നു.
ഇതും ആണ്കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു.
2. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം
കൊടിഞ്ഞിയുണ്ടാകുന്നതിനു മുന്നോടിയായി കാഴ്ചസംബന്ധമായ വ്യതിരിക്തതകളുണ്ടാകുന്ന ഓറ അനുഭവപ്പെടുന്നത് ഇതിന്റെ പ്രത്യേകതയാണ്.
ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം എന്ന് ഇതിനെ വിളിക്കുന്നു.
3. ഹെമിപ്ലേജിക് മൈഗ്രേൻ
ഇതിൽ കുട്ടികൾക്കു പൊടുന്നനെ ഓറ അനുഭവപ്പെടുകയും ഒരുവശം തളരുകയും ചെയ്യുന്നു. ഈ പ്രതിഭാസം പാരന്പര്യം, ജനിതക പ്രവണതകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
4. ബാസിലാർ മൈഗ്രേൻ
ഇവിടെ ഓറ അനുഭവപ്പെടുന്നതോടൊപ്പം മദ്യപന്റെ രീതിയിലുള്ള വിചിത്രമായ പെരുമാറ്റ ശൈലി കാണുന്നു. തളർച്ച, തെന്നിത്തെന്നിയുള്ള നടപ്പ്, ഇരട്ടയായി കാണുക ഇവയൊക്കെ ഈ വിഭാഗത്തിലുള്ളവയുടെ പ്രത്യേകതയാണ്.
5. അബ്ഡൊമിനൽ മൈഗ്രേൻ
തുടരെത്തുടരെയുള്ള ഛർദിയും വയറ്റിൽ വേദനയുമുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ പാരന്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വയറുവേദനയുമായി ഡോക്ടറുടെ അടുത്തെത്തുന്ന പതിനഞ്ചു ശതമാനം കുട്ടികൾക്കും ഇത്തരം മൈഗ്രേനാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഈ കുട്ടികൾ മുതിരുന്പോൾ സ്ഥിരമായ ചെന്നിക്കുത്ത് ഉണ്ടാകാനുള്ള സാധ്യത ഏറിനിൽക്കുന്നു.
മൈഗ്രേൻ ട്രിഗറുകൾ കുട്ടികളിൽ
ചോക്കലേറ്റ്, ശീതള പാനീയങ്ങൾ, നട്സ്, ഉണങ്ങിയ പഴങ്ങൾ, ഈന്തപ്പഴം, ചൈനീസ് ആഹാരത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, ശബ്ദകോലാഹലം, വെട്ടിത്തിളങ്ങുന്ന പ്രകാശകിരണങ്ങൾ തുടങ്ങിയവയെല്ലാം പൊതുവായി കുട്ടികൾക്ക് മൈഗ്രേൻ ഉണ്ടാകാനുള്ള ട്രിഗറുകളാകുന്നു.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA)
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്. വെണ്ണല, കൊച്ചി.