എല്ലാ വെള്ളപ്പാടുകളും വെള്ളപ്പാണ്ട് ആണോ?
Tuesday, July 11, 2023 5:42 PM IST
പിഗ്മെന്റ് അടങ്ങിയ കോശങ്ങളെ ബാധിക്കുന്നതിനാല്‍ കണ്ണുകളെയും വെള്ളപ്പാണ്ട് ബാധിക്കാം. വെള്ളപ്പാണ്ട് ഉള്ളവരില്‍ അകാലനര, Alopecia areata (ഭാഗികമായ കഷണ്ടി), അടോപിക് ഡെർമറ്റൈറ്റിസ് (Atopic dermatitis), സോറിയാസിസ് (Psoriasis), ലൈക്കൻ പ്ലാനസ്(Lichen planus), DLE, വരണ്ട ചർമം(Dry skin) എന്നീ ത്വക്ക് രോഗങ്ങളും കാണാറുണ്ട്.
അതുപോലെതന്നെ പ്രമേഹം(Diabetes), തൈറോയ്ഡ് രോഗങ്ങൾ (Thyroid diseases), ഡിസ്പെപ്സിയ( Dyspepsia) എന്നിവയും കാണാറുണ്ട്.
പാരമ്പര്യമായി ഉണ്ടാകുന്നതാണോ?
പാരമ്പര്യം ഒരു ഘടകമാണ്. ജനസംഖ്യയുടെ ഏകദേശം 1% ആള്‍ക്കാരെ വെള്ളപ്പാണ്ട് ബാധിക്കുന്നുണ്ട്. പല ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപ്പാണ്ട്.
വെള്ളപ്പാണ്ട് ബാധിച്ച 20% - 30% വരെ ആളുകളുടെ അടുത്ത ഒരു ബന്ധുവിനും വെള്ളപ്പാണ്ട് കണ്ടുവരുന്നുണ്ട്. എന്നാല്‍ തൊട്ടു പകരില്ല.
ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ?
വെള്ളപ്പാണ്ടും ആഹാരവുമായി യാതൊരു ബന്ധവും ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചിട്ടില്ല.
ആഹാരരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തിയതുകൊണ്ട് രോഗം വരാനോ അത് കുറയ്ക്കാനോ കഴിയില്ല. എന്നാല്‍ പ്രോട്ടീന്‍ ഉള്ള ആഹാരം കഴിക്കുന്നത് നല്ലതാണ്.
ശരീരത്തിലുണ്ടാകുന്ന എല്ലാ വെള്ളപ്പാടുകളും വെള്ളപ്പാണ്ട് ആണോ?
അല്ല, പല അസുഖങ്ങള്‍ ശരീരത്തില്‍ വെളുത്ത പാടായി പ്രത്യക്ഷപ്പെടാറുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടെ അത് സ്ഥിതീകരിക്കുകയും ചികിത്സ നേടുകയും വേണം.
ചികിത്സിച്ചാല്‍ ഭേദമാകുമോ?
സങ്കീര്‍ണമായ പല ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപ്പാണ്ട്. പ്രത്യേകിച്ചും ഓട്ടോ ഇമ്മ്യൂണിറ്റി - അത് ഓരോ രോഗിയിലും വ്യത്യസ്തപ്പെട്ടിരിക്കുന്നതിനാല്‍ ചികിത്സാരീതികളും വ്യത്യാസപ്പെട്ടിരിക്കുന്നു.
കൃത്യതയോടെ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ വെള്ളപ്പാണ്ട് വ്യാപിക്കുന്നത് തടുക്കാനും നിറം വീണ്ടെടുക്കാനും സാധിക്കും. എന്നാലും പുതിയ പാടുകള്‍ പ്രത്യക്ഷപ്പെടാം.