രോഗപ്രതിരോധശേഷി നേടാം, ഹാപ്പിയാവാം
Saturday, July 8, 2023 2:46 PM IST
പോഷകക്കുറവ്, വ്യയാമക്കുറവ്, മാനസിക സംഘർഷങ്ങൾ, അമിത ഉത്കണ്ഠ തുടങ്ങിയവ പ്രതിരോധശേഷി ദുർബലമാക്കുന്നു.
ജീവിതശൈലിയിലും ആഹാരക്രമത്തിലും ശ്രദ്ധിച്ചാൽ പ്രതിരോധ സംവിധാനത്തിന്റെ കരുത്തുകൂട്ടാം.
ജീവിതശൈലി, ആഹാരക്രമം
ജീവിതശൈലിയിലും ആഹാരക്രമത്തിലും ചിലതു ശ്രദ്ധിച്ചാൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഫലപ്രദവും കാര്യക്ഷമവുമാകും. ആഹാരക്രമത്തിനു(ഡയറ്റ്) പ്രതിരോധ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിൽ കാര്യമായ പങ്കുണ്ട്.
* പുകവലി, മദ്യപാനം, പുകയില ഒഴിവാക്കാം. പരോക്ഷപുകവലിയും ആരോഗ്യത്തിനു ഹാനികരം.
* വ്യായാമം ശീലമാക്കണം.
* ജൈവരീതിയിൽ വിളയിച്ച പഴങ്ങളും പച്ചക്കറികളും ശീലമാക്കണം
* ശരീരഭാരം അമിതമാകരുത്.
* രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ തോതും നിയന്ത്രിതമാക്കണം.
* മുട്ട, മാംസം, മീൻ തുടങ്ങിയവ മതിയായ താപനിലയിൽ വേവിച്ചു കഴിക്കണം.
* എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ മിതമായി മാത്രം
* കൈകൾ സോപ്പ് തേച്ചുകഴുകണം.
* ആഹാരക്രമത്തിൽ കൊഴുപ്പു കുറഞ്ഞ വിഭവങ്ങൾ ഉൾപ്പെടുത്തണം.
രോഗപ്രതിരോധത്തിനു വെളുത്തുള്ളി
* വെളുത്തുളളിക്കു രോഗപ്രതിരോധശക്തി നല്കുന്നതിൽ മുന്തിയ കഴിവാണുളളത്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി വെളുത്തുളളിക്കുണ്ടെന്നു ലബോററി പരീക്ഷണങ്ങളുടെ പിൻബലത്തോടെ ഗവേഷകർ പറയുന്നു.
* കാൻസർ പ്രതിരോധത്തിനും വെളുത്തുളളി സഹായകമെന്നു പഠനം.
* ജലദോഷം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ളീറോസിസ് തുടങ്ങിയ രോഗങ്ങൾ തടയുന്നതിനും വെളുത്തുളളി സഹായകം.
* രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിതമാക്കുന്നതിനും വെളുത്തുളളി ഫലപ്രദം.
ഇഞ്ചി ചേർത്ത ചായ
ഫ്രീ റാഡിക്കലുകളെ തുരത്തി കോശങ്ങളെ സംരക്ഷിക്കുന്ന ആൻറിഓക്സിഡന്റ് ഗുണം ഇഞ്ചിക്കുണ്ട്. അണുബാധ തടയുന്നു. മൈക്രോബുകൾ, ബാക്ടീരിയ എന്നിവയെ തടയുന്നതിനും ഇഞ്ചി ഫലപ്രദം.
ആമാശയ ആരോഗ്യം നിലനിർത്തുന്നതിനും ഇഞ്ചി സഹായകം. തൊണ്ടവേദനയകറ്റുന്നതിനു ഫലപ്രദം. കൊളസ്ട്രോൾ കുറയ്ക്കുന്നു. ഇഞ്ചിനീരും തേനും ചേർത്തു കഴിക്കുന്നതു പ്രതിരോധശക്തി മെച്ചപ്പെടുത്തും.
*ചായ തയാറാക്കുന്പോൾ അല്പം ഇഞ്ചി കൂടി ചതച്ചുചേർക്കുന്നത് ഉത്തമം. ഇഞ്ചി ചേർത്ത ചായ പതിവാക്കുന്നതു പ്രതിരോധസംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തും.