കുട്ടികൾക്കു വേണ്ടതെല്ലാം വാങ്ങിക്കൊടുത്താൽ പോരാ...
Thursday, June 29, 2023 6:16 PM IST
കോവിഡിനും ലോക്ഡൗണിനും ശേഷം വിദ്യാർഥികൾ കൂടുതൽ സങ്കീർണമായ പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്. പല മാതാപിതാക്കളും അവ എങ്ങനെ കൈകാര്യം ചെയ്യണം എന്നോർത്ത് ആശങ്കപ്പെടാറുണ്ട്.
അപക്വമായ പ്രണയബന്ധങ്ങൾ, മയക്കുമരുന്ന്, മൊബൈൽ-ഇന്റർനെറ്റ് ഉപയോഗം, ജങ്ക് ഫുഡിന്റെ ഉപയോഗം, വാശി തുടങ്ങിയവ കുട്ടികളിൽ വളരെ ദോഷകരമായ രീതിയിൽ കൂടിവരുന്നു.
ഫാമിലി ടൈം കണ്ടെത്തുക
പല മാതാപിതാക്കളും തിരക്കുമായി നടക്കുന്നവരാണ്. അവർ സാധാരണ പറയുന്നത് കുട്ടികൾക്കു വേണ്ടതെല്ലാം വാങ്ങിക്കൊടുക്കുന്നു എന്നാണ്. എന്നാൽ അതിലും പ്രധാനം അച്ഛനും അമ്മയും അവരോടൊപ്പം സമയം ചെലവഴിക്കുക എന്നതാണ്.
എല്ലാ ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെ എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ചിരുന്നു സംസാരിക്കുന്നതിനും കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും സന്തോഷിക്കുന്നതിനും സമയം കണ്ടെത്തണം.
കുട്ടികൾക്ക് പറയാനുള്ളത് കേൾക്കാനും ജീവിതമൂല്യങ്ങൾ പറഞ്ഞുകൊടുക്കാനുമുള്ള ഒരു വേദികൂടിയാണത്. ഇത് മാതാപിതാക്കൾ ചെയ്തില്ലെങ്കിൽ വേറെ ആരെങ്കിലും അത് ഏറ്റെടുക്കുകയും കുട്ടികളെ വഴിതെറ്റിക്കുകയും ചെയ്യും.
കുട്ടികളുടെ പ്രത്യേകതകൾ അറിയുക
കൗമാരക്കാരായ കുട്ടികൾ കൂടുതലും വളരെയേറെ ഊർജസ്വലരും ആവേശം കൂടുതലുള്ളവരും വലിയ ജിജ്ഞാസ ഉള്ളവരും എടുത്തുചാടി കാര്യങ്ങൾ ചെയ്യുന്നവരുമാണ്. യഥാർഥത്തിൽ ഇവയെല്ലാം കൂടിച്ചേരുമ്പോൾ അപകടകരമായ സാഹചര്യത്തിലേക്കാണ് എത്തുക.
ഇവ പൂർണമായും കണ്ടില്ലെന്നു നടിക്കാനോ വിലക്കാനോ സാധിക്കില്ല. മാതാപിതാക്കൾ കുട്ടികളെ അറിഞ്ഞ് ഇടപെടണം. കുട്ടികളിൽ ക്രിയേറ്റിവ് ആയവരും ഇന്റലിജന്റ് ആയവരുമുണ്ട്. ക്രിയേറ്റിവ് ആയ കുട്ടികൾ മത്സരപരീക്ഷകളിൽ പിന്നാക്കം പോകാൻ സാധ്യതയുണ്ട്.
അവർക്ക് അനുയോജ്യമായ മറ്റു മേഖലകൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുക. അല്ലാതെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക.
കൂട്ടുകാരെ അറിയുക
മക്കളുടെ കൂട്ടുകാർ ആരൊക്കെയെന്ന് അറിയാൻ ശ്രമിക്കുക. പ്രത്യേകിച്ച് ഏറ്റവും അടുത്ത കൂട്ടുകാരെയും അവരുടെ വീട്ടുകാരെയും കുറിച്ച് അറിയുകയും അവരുമായി സംസാരിക്കുകയും നല്ല ബന്ധം നിലനിർത്തുകയും ചെയ്യുക. ഇത് തെറ്റായ കൂട്ടുകെട്ടുകളിൽ കുട്ടികളെ രക്ഷിക്കുന്നതിന് ഉപകരിക്കും.
മൊബൈലും ഇന്റർനെറ്റും
ഒരു സ്കൂൾ കുട്ടിയെ സംബന്ധിച്ചിടത്തോളം സ്വന്തമായി മൊബൈൽ ഫോണിന്റെ ആവശ്യമില്ല. സ്കൂളിലെ വിവരങ്ങൾ അച്ഛന്റെയോ അമ്മയുടെയോ ഫോൺ വഴി അറിയുന്നതാണ് നല്ലത്.
കമ്പ്യൂട്ടർ, ടാബ് തുടങ്ങിയ ഉപകരണങ്ങൾ എല്ലാവർക്കും കാണുംവിധം ഹാളിൽ ക്രമീകരിക്കാൻ ശ്രദ്ധിക്കുക. കുട്ടി രാത്രി സ്ഥിരമായി വൈകി ഉറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുക
കുട്ടികളെക്കൊണ്ട് സ്വന്തം വസ്ത്രംപോലും കഴുകിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കാറില്ല. എപ്പോഴും പഠിക്കൂ പഠിക്കൂ എന്ന് പറഞ്ഞുകൊണ്ടിരിക്കും. വീട്ടിൽ ചെയ്യേണ്ട ജോലികളും സ്വന്തം കാര്യങ്ങളും പരമാവധി ചെയ്യിപ്പിക്കുക. ഇവ ജീവിതത്തെക്കുറിച്ചുള്ള യാഥാർഥ്യബോധം കുട്ടികളിൽ ഉളവാകുന്നതിനു സഹായിക്കും.
മാതാപിതാക്കൾ സത്യസന്ധതയും ആത്മാർഥതയുമുള്ളവർ ആണെങ്കിൽ മാത്രമേ കുട്ടികളെയും നല്ല രീതിയിൽ വളർത്താൻ സാധിക്കൂ. പിതാവും മാതാവും തമ്മിൽ നല്ല ഐക്യവും ബന്ധവും അത്യാവശ്യമാണ്.
കുട്ടികളെ നല്ല ജീവിത മൂല്യങ്ങൾ പരിശീലിപ്പിക്കേണ്ടത് സമൂഹമോ സ്കൂളോ സർക്കാരോ അല്ല. അത് മാതാപിതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യമാണ്.