ഗർഭപാത്രം മാറ്റിവയ്ക്കൽ
Wednesday, June 21, 2023 1:39 PM IST
ഇന്ത്യയിൽ ഏതാണ്ട് നാലുലക്ഷത്തോളം സ്ത്രീകൾ ഗർഭപാത്രമില്ലാതെ ജനിക്കുന്നുണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. മുന്പ് ഇത്തരം സ്ത്രീകൾക്ക് വാടക ഗർഭധാരണമോ കുഞ്ഞിനെ ദത്തെടുക്കലോ മാത്രമായിരുന്നു പ്രതിവിധി.
ഇന്ന് മെഡിക്കൽ സയൻസ് വളരെയധികം മുന്നോട്ടുപോയിരിക്കുന്നു. ഗർഭപാത്രമില്ലാതെ ജനിച്ചവർക്കും ഗർഭാശയത്തിനു പരിക്കുപറ്റി ഗർഭധാരണം സാധ്യമല്ലാത്തവർക്കും മറ്റൊരു സ്ത്രീയിൽനിന്നു ഗർഭപാത്രം സ്വീകരിച്ച് ഗർഭം ധരിക്കാനും സ്വന്തം കുഞ്ഞിനെ പ്രസവിച്ച് അമ്മയെന്ന സ്വപ്നം സാക്ഷാത്കരിക്കാനും കഴിയും.
അതിനു ചില നിയമങ്ങൾ പാലിക്കണം. ഗർഭപാത്രം നൽകുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിയും അടുത്ത ബന്ധുക്കളായിരിക്കണം. സ്വീകരിക്കുന്ന വ്യക്തിയിൽ ആരോഗ്യമുള്ള അണ്ഡങ്ങൾ ഉണ്ടായിരിക്കണം.
നൽകുന്ന വ്യക്തിക്ക് ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള ഗർഭാശയും ഉണ്ടായിരിക്കണം. നൽകുന്ന വ്യക്തിക്ക് വയസ് അന്പത്തഞ്ചിൽ കവിയാൻ പാടില്ല. എന്നിരുന്നാലും മാസമുറയുള്ള സ്ത്രീകളാണു നല്ലത്.
സ്വീകരിക്കുന്ന വ്യക്തി ഗർഭധാരണ വയസ് കവിയാത്ത ആളായിരിക്കണം. യുവതിയായിരിക്കണം. ദാതാവിന് ആരോഗ്യമുള്ള ഗർഭധാരണ-പ്രസവചരിത്രം ഉണ്ടായിരിക്കണം.ആദ്യം രണ്ടുപേരെയും വിവിധ ടെസ്റ്റുകൾ ചെയ്ത് അംഗീകരിക്കണം.
സ്വീകരിക്കുന്ന ആളുടെ അണ്ഡം പുറത്തെടുത്ത് ബീജത്തോടു ചേർത്ത് ഭ്രൂണമാക്കി ശീതീകരിച്ച് സൂക്ഷിക്കുന്നു. ഒന്നിലധികം ഭ്രൂണങ്ങൾ ഇങ്ങനെ കരുതിവയ്ക്കും.
ശേഷം അവർക്ക് പ്രതിരോധശേഷി കുറയ്ക്കുന്നതിനുള്ള ഔഷധങ്ങൾ നൽകിത്തുടങ്ങും. പുതിയ അവയവയത്തെ ശരീരം നിരാകരിക്കാതെ സ്വീകരിക്കാനാണിത്. ദാതാവിന്റെ ഗർഭാശയം ശരീരത്തിൽനിന്നു ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നു.
അതേ ഗർഭാശയം സ്വീകരിക്കുന്ന ആളിൽ വച്ചുപിടിപ്പിക്കുന്നു. ഏതാനും മാസങ്ങൾക്കകം മുറിവുകൾ ഉണങ്ങിയാൽ മാസമുറ പ്രവർത്തിച്ചുതുടങ്ങും. അപ്പോൾ ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണം ഗർഭാശയത്തിൽ നിക്ഷേപിക്കുന്നു.
ഇനിയുള്ള കാലം ഡോക്ടർമാരുടെ സവിശേഷ ശ്രദ്ധയിലാണ്. ഗർഭിണിക്ക് പ്രതിരോധശേഷി കുറയ്ക്കുന്ന ഔഷധങ്ങൾ തുടരുന്നു. ഗർഭാശയത്തെപ്പോലെ ഗർഭത്തെയും ശരീരം സ്വീകരിക്കണമല്ലോ. ഗർഭകാലം പൂർണമായാൽ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്.
നെർവുകൾ ട്രാൻസ്പ്ലാന്റ് ചെയ്യാത്തതുകൊണ്ട് വച്ചുപിടിപ്പിച്ച ഗർഭാശയത്തിന് ചുരുങ്ങൽ സാധ്യമല്ല. ഗർഭാശയം നൽകുന്ന വ്യക്തിക്ക് രണ്ടുദിവസമേ ആശുപത്രിവാസം വേണ്ടതുള്ളൂ. എന്നാൽ സ്വീകരിച്ചയാൾക്ക് മൂന്നാഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടിവരും.
പുതുതായി വച്ചുപിടിപ്പിച്ച അവയവം ശരീരം സ്വീകരിക്കുന്നതും നിരാകരിക്കുന്നതും നിരീക്ഷിക്കാനാണിത്. ഒന്നോ രണ്ടോ പ്രസവശേഷം സ്വീകരിച്ച വ്യക്തിയുടെ ഗർഭാശയം ശസ്ത്രക്രിയയിലൂടെ മാറ്റേണ്ടതായിവരും.
പ്രതിരോധശേഷി കുറയ്ക്കാനുള്ള ഔഷധങ്ങൾ നൽകുന്നതിനാൽ അവർക്ക് പലവിധ അണുബാധകൾ ഉണ്ടാകും. അതിനാലാണ് ഗർഭാശയം മാറ്റുന്നത്.
ലക്ഷങ്ങൾ ചെലവുവരുന്ന ചികിത്സാരീതിയാണിത്. എന്നിരുന്നാലും ഒരമ്മയാവുക എന്ന സ്വപ്നം സഫലീകൃതമാകും.
ഡോ. നിർമല നായർ
ഇന്ത്യൻ ഡ്രഗ് ഹൗസ്
രാജീവ് ഗാന്ധി റോഡ്
കുന്നംകുളം പി.ഒ, തൃശൂർ
ഫോൺ - 9446145705.