നിയന്ത്രണങ്ങളില്ലാതെ ദൈനംദിനജീവിതം
Thursday, June 8, 2023 5:43 PM IST
അപസ്മാരം ഉള്ളവർക്ക് ഒന്നും തന്നെ നിഷേധിക്കേണ്ട ആവശ്യമില്ല. അപസ്മാരം ബാധിക്കുന്ന ചില കുട്ടികളെ ചിലർ സ്കൂളിൽ വിടാറില്ല എന്ന് കേട്ടിട്ടുണ്ട്. അവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ട് എന്ന വിശ്വാസമാണ് അതിന് കാരണമാകുന്നത്.
അപസ്മാരമുള്ള കുട്ടികളുടെ ബുദ്ധിശക്തി മറ്റു കുട്ടികളുടെ ബുദ്ധിശക്തിക്ക് തുല്യമായിരിക്കും. പ്രസിദ്ധരായ പലരും അപസ്മാര ബാധിത രായിരുന്നു. അലക്സാണ്ടർ ദ ഗ്രേറ്റ്്, ജൂലിയസ് സീസർ, നെപ്പോളിയൻ ബോണപ്പാർട്ട് എന്നിവരാണ് ഉദാഹരണം.
വിവാഹജീവിതം
അപസ്മാര രോഗികളുമായി വിവാഹബന്ധം ഒഴിവാക്കാൻ ഇപ്പോഴും പലരും താൽപര്യം കാണിക്കാറുള്ളത്. എന്നാൽ, അപസ്മാരം ഉള്ളവരിൽ കൂടുതൽ പേർക്കും നല്ല ഭാര്യയോ ഭർത്താവോ ആകാൻ കഴിയുമെന്നതാണ് യാഥാർഥ്യം.
അപസ്മാരം ഉള്ളവർക്ക് വിവാഹം ആകാമോ എന്ന് ഇപ്പോഴും ഡോക്ടർമാരോട് ചോദിക്കുന്നവരുണ്ട്. വൈദ്യശാസ്ത്ര മേഖലയിൽ ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങൾ പരിഗണിക്കുകയാണെങ്കിൽ ഒരു തരത്തിലുള്ള ആശങ്കയും ആവശ്യമില്ലാത്ത ഒരു രോഗമാണ് അപസ്മാരം.
അപസ്മാര രോഗികൾക്ക് കുട്ടികൾ ഉണ്ടാകുന്ന വിഷയത്തിൽ ഒരു പ്രശ്നവും ഇല്ല. അവർക്ക് കുട്ടികളെ നന്നായി വളർത്താനും കഴിയും. അപസ്മാരം ഉള്ള സ്ത്രീകൾ ഗർഭകാലത്ത് ഡോക്ടർ പറയുന്നത് പൂർണമായും അനുസരിച്ചാൽ മാത്രം മതി.
മറ്റുള്ളവരുടെ സാന്നിധ്യത്തിൽ
അപസ്മാരം ഉള്ളവർക്ക് സ്പോർട്സിലും കളികളിലും പങ്കെടുക്കാവുന്നതാണ്. തീയുടെ അടുത്ത് പോകരുതെന്നും ഭക്ഷണം പാകം ചെയ്യുന്നതും ജലാശയങ്ങൾക്ക് അടുത്ത് പോകുന്നതും വാഹനങ്ങൾ ഓടിക്കുന്നതും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതും ഒഴിവാക്കണം എന്നും അവരെ ഉപദേശിക്കാറുണ്ട്.
അപസ്മാരം ഉള്ളവർക്ക് മറ്റുള്ളവരുടെ സാന്നിധ്യത്തിൽ ജലാശയത്തിനടുത്ത് പോകുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യാവുന്നതാണ്.
മാനസികപ്രശ്നങ്ങൾ
അപസ്മാരം ഉള്ളവരിൽ ഇരുപത്തിയഞ്ച് ശതമാനത്തോളം പേരിൽ ചില മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത പറയുന്നുണ്ട്. സംശയം നിറഞ്ഞ മാനസികാവസ്ഥ, വ്യക്തിത്വത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, ബുദ്ധിമാന്ദ്യം, ഓർമക്കുറവ് എന്നിവ ആയിരിക്കും അതിന്റെ ഭാഗമായി കാണുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ.
ദൈനംദിന ജീവിതത്തിൽ ഒരു വിഷയത്തിലും അവർക്ക് നിയന്ത്രണം പറയരുത്. സാമൂഹികമായി ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകാൻ ആവശ്യമായ പ്രോത്സാഹനം നൽകുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 98460 73393