അബദ്ധധാരണകൾ ഒഴിവാക്കാം
Thursday, June 8, 2023 5:29 PM IST
അബദ്ധവിശ്വാസങ്ങളുടെയും തെറ്റിദ്ധാരണകളുടെയും പുകപടലങ്ങൾക്കുള്ളിൽ പെട്ടുപോയ ഒരു രോഗമാണ് അപസ്മാരം. വിദേശീയരടക്കം ഇത് ദൈവികമായ ഒരു രോഗമാണ് എന്ന് വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു.
ദൈവകോപം, ഭൂതപ്രേതപിശാചുക്കളുടെ ബാധ എന്നിവ കാരണമാണ് അപസ്മാരം എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടാവാം എന്നാണു കരുതുന്നത്.
തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ
കുട്ടികൾ എന്നോ മുതിർന്നവർ എന്നോ ഇല്ലാതെ, സ്ത്രീ പുരുഷ ഭേദമില്ലാതെ സമൂഹത്തിൽ കണ്ടുവരുന്ന രോഗമാണിത്. വേദങ്ങളിൽ ഈ രോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് എന്ന് പറഞ്ഞിട്ടുണ്ട്.
തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത് എന്ന് ഹിപ്പോക്രാറ്റിസ് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് എങ്കിലും പുതിയ അറിവുകൾ പുറത്ത് വരുമ്പോൾ അത് ശരിയായ അർഥത്തിൽ സ്വീകരിക്കാൻ സമൂഹം എന്നും തയാറായിരുന്നില്ല.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയും ഈ രോഗത്തെക്കുറിച്ച് സമൂഹത്തിൽ നിലനിന്നിരുന്നത് കുറേ അബദ്ധ ധാരണകളായിരുന്നു. മനുഷ്യന് കാണാൻ കഴിയാത്ത ഏതോ അമാനുഷിക ശക്തികളുടെ പ്രവർത്തനം കാരണമാണ് അപസ്മാരം ഉണ്ടാകുന്നത് എന്നായിരുന്നു വിശ്വസിച്ചുവന്നിരുന്നത്.
അന്ധവിശ്വാസങ്ങളുടെ കറുത്ത മതിലുകൾ ഇടിച്ചുപൊടിച്ച് പ്രകാശം നിറഞ്ഞ് നിൽക്കുന്ന പുതിയ വഴിയിലൂടെ സഞ്ചരിക്കാാൻ പ്രയാസം ഉള്ളവർ ഇപ്പോഴും ഈ രോഗത്തെ കുറിച്ച് അന്ധവിശ്വാസങ്ങളിലൂടെ സഞ്ചരിക്കുന്നവർ ആയിരിക്കും.
മനുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കം ഉണ്ടാകാവുന്ന ഒരു രോഗമാണ് അപസ്മാരം. രോഗത്തിന്റെ നാടകീയമായ പ്രകടനങ്ങൾ കാരണം ഇത് മറ്റുള്ള എല്ലാ രോഗങ്ങളേയും അപേക്ഷിച്ച് മനുഷ്യരുടെ ശ്രദ്ധ കൂടുതൽ പിടിച്ചെടുക്കുകയുണ്ടായി.
ആവർത്തിച്ചുണ്ടാകുന്ന രോഗം
ഇംഗ്ലീഷിൽ ഈ രോഗത്തിന് "എപ്പിലെപ്സി' എന്നാണ് പറയുന്നത്. എപ്പിലെപ്സി എന്നുള്ളത് ഒരു ഗ്രീക്ക് പദമാണ്. "പിടികൂടുക' എന്നാണ് ഈ വാക്കിന്റെ അർഥം.
നീണ്ടകാലം നിലനിൽക്കുന്ന രോഗമാണ് അപസ്മാരം. ഇടയ്ക്കിടെ ആവർത്തിച്ച് ഉണ്ടാകാനുള്ള സാധ്യതയുള്ള ഒരു രോഗവും കൂടിയാണ്.
ബോധക്ഷയം
ബോധക്ഷയം ഈ രോഗത്തിന്റെ ഒരു സവിശേഷതയാണ്. അത് പലപ്പോഴും പെട്ടെന്നാണ് ഉണ്ടാകുക. ഉണ്ടാകുമ്പോൾ അത് കുറച്ചുസമയം നീണ്ടുനിൽക്കുകയും ചെയ്യും. ആ സമയത്ത് മനസിന്റെ പ്രവർത്തനം തകരാറിലാകും.
പേശികളിൽ കോച്ചിവലി ഉണ്ടാകും. കണ്ണുകൾ തുറന്ന അവസ്ഥയിൽ ആയിരിക്കും. പ്രകാശത്തോടും ശബ്ദത്തോടും ഒരു പ്രതികരണവും ഉണ്ടാകുകയില്ല. കൂടുതൽ പേരും വീഴാറുണ്ട്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 98460 73393