മരുന്നുപയോഗിച്ചും പുകവലി നിർത്താം
Saturday, June 3, 2023 5:55 PM IST
നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പി (എൻആർടി) പിന്തുടരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, പുകവലി ഉപേക്ഷിക്കുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധനുമായോ ടുബാകോ സെസാഷൻ സ്പെഷലിസ്റ്റുമായോ അവയുടെ ഡോസിനെ കുറിച്ച് ചർച്ച ചെയ്യുക.
നിക്കോട്ടിൻ ആസക്തി കുറയ്ക്കാൻ
എൻആർടി ഉപയോഗിച്ച് പുകവലി ഉപേക്ഷിക്കാൻ കൂടുതൽ സാധ്യതയുണ്ടെങ്കിലും, പുകയില ഉപേക്ഷിക്കുക മാത്രമല്ല, നിക്കോട്ടിനിലേക്കുള്ള നിങ്ങളുടെ ആസക്തി മൊത്തത്തിൽ അവസാനിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
തലകറക്കം, ഛർദി
ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ തലകറക്കം, ബലഹീനത, ഓക്കാനം, ഛർദ്ദി, വേഗമേറിയ അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ്, വായ സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ചർമ്മത്തിന്റെ വീക്കം എന്നിവ ചിലരിലെങ്കിലും അനുഭവപ്പെടാറുണ്ട്. അത്തരം സാഹചര്യത്തിൽ ഉടൻ ഡോക്ടറെ ബന്ധപ്പെടുക.
മരുന്നുകൾ
പുകവലിശീലം ഒഴിവാക്കാൻ സഹായിക്കുന്നതിന് നിക്കോട്ടിൻരഹിതമായ രണ്ട് മരുന്നുകൾ എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട്. ബ്യൂപ്രോപിയോൺ, വാരെനിക്ലൈൻ എന്നിവയാണ് അവ.
ഇത് വാങ്ങുന്നതിനായി ഡോക്ടറുടെ ഒരു കുറിപ്പടി ആവശ്യമുള്ളതിനാൽ പുകവലി നിർത്താൻ സഹായിക്കുന്നതിന് ഇവയിലൊന്ന് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തോന്നുകയാണെങ്കിൽ ഡോക്ടറോടോ ടുബാക്കോ സെസേഷൻ സ്പെഷലിസ്റ്റിനോടോ ഇതിനെക്കുറിച്ച് സംസാരിക്കുക.
ബ്യൂപ്രോപിയോൺ
തലച്ചോറിലെ രാസവസ്തുക്കളിൽ ബ്യൂപ്രോപിയോൺ പ്രവർത്തിക്കുന്നു. അത് നിക്കോട്ടിൻ ആസക്തിയിൽ കുറവു വരുത്തുന്നതിൽ പങ്കുവഹിക്കുകയും നിക്കോട്ടിൻ പിൻവലിക്കലിന്റെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും കുറയ്ക്കുകയും ചെയ്യുന്നു.
ബ്യൂപ്രോപിയോൺ ടാബ്ലെറ്റ് രൂപത്തിൽ പന്ത്രണ്ട് ആഴ്ച കഴിക്കണം. എന്നാൽ ആ സമയത്ത് വിജയകരമായി പുകവലി ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ, പുകവലി വീണ്ടും തുടങ്ങാനുളള സാധ്യത കുറയ്ക്കുന്നതിന് 3 മുതൽ 6 മാസം വരെ ഇത് ഉപയോഗിക്കാം.
തലച്ചോറിലെ നിക്കോട്ടിൻ റിസപ്റ്ററുകളുമായി വാരെനിക്ലൈൻ ഇടപെടുന്നു. ഇത് പുകയില ഉപയോഗത്തിൽ നിന്ന് ലഭിക്കുന്ന ആനന്ദം കുറയ്ക്കുകയും നിക്കോട്ടിൻ പിൻവലിക്കൽ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
വിവരങ്ങൾ: ഡോ. ദീപ്തി റ്റി.ആർ
മെഡിക്കൽ ഓഫീസർ, മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂർ
ഫോൺ - 0497 2705309, 62382 65965