പുകയിലയിലെ രാസവസ്തുക്കൾ അപകടകാരികൾ
Wednesday, May 31, 2023 4:33 PM IST
ഇന്നു ലോകപുകയില വിരുദ്ധ ദിനം. ഈ വർഷത്തെ പ്രമേയം “നമുക്ക് ആവശ്യം ഭക്ഷണമാണ്, പുകയില അല്ല (we need food not tobacco)എന്നതാണ്. പുകവലി കൊണ്ടുണ്ടാകുന്ന അസുഖങ്ങളും മരണനിരക്കും കുറയ്ക്കുന്നതിനാണു ബോധവത്കരണം. പുകയില കൊണ്ട് പരിസ്ഥിതിക്ക് നേരിടുന്ന ആഘാതത്തെ പറ്റിയും ധാരണയുണ്ടാവണം.
പരിസ്ഥിതിക്കു ദോഷം
ദിവസവും 10 ബില്യൺ സിഗരറ്റാണ് പരിസ്ഥിതിയിലേക്കു വലിച്ചെറിയപ്പെടുന്നത്. പുകയില പരിസ്ഥിതിക്ക് വലിയ തോതിൽ ദോഷം ചെയ്യുന്നുണ്ട്. പുകയിലകൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും ജലസ്രോതസുകൾ മലിനമാക്കപ്പെടുന്നു.
നിഷ്ക്രിയ പുകവലി
ഓരോ വർഷവും ഏഴു ദശലക്ഷം പേരെയാണ് പുകവലി കൊല്ലുന്നത്. ഉത്പാദന നഷ്ടവും ആരോഗ്യരംഗത്തെ ചെലവുകളും 1.4 ട്രില്യൺ ഡോളർ വരും എന്നാണു കണക്കുകൾ. 6 ദശലക്ഷം മരണങ്ങൾ നേരിട്ടുള്ള പുകയില ഉപയോഗം മൂലമാണ്.
അടച്ചിട്ട മുറികളിലും മറ്റും ആളുകൾ പുകവലിക്കുന്നതു മൂലം അടുത്തുള്ളവർക്കും ഈ പുക ശ്വസിക്കേണ്ടി വരുന്നുണ്ട്. ഇതിനെ നിഷ്ക്രിയ പുകവലി എന്നാണ് പറയുന്നത്. നാലായിരത്തിൽ കൂടുതൽ രാസവസ്തുക്കളടങ്ങിയ ഈ പുകയിൽ 250 എണ്ണം അപകടകാരികളാണ്.
എൺപതിലധികം രാസവസ്തുക്കൾ അർബുദത്തിന് കാരണമാകുന്നു. മുതിർന്നവരിൽ നിഷ്ക്രിയ പുകവലി ഹൃദയസംബന്ധവും ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കു കാരണമാകുന്നു.
അർബുദസാധ്യത
പൊതുസ്ഥലങ്ങളിൽ കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാൻ ഇടവരുന്നു. ഹൃദയസംബന്ധമായും ശ്വാസകോശസംബന്ധമായും ഉള്ള അസുഖങ്ങൾക്കും പല തരത്തിലുള്ള അർബുദത്തിനും ഇത് കാരണമാകുന്നു. ഗർഭിണികളിൽ ഭാരം കുറഞ്ഞ കുഞ്ഞു ജനിക്കാൻ ഇടയാകുന്നു.
പുകയില വിമുക്തിക്ക് വിവിധ ചികിത്സാരീതികൾ
പുകവലി ഉപേക്ഷിക്കുന്നതിന് വേണ്ടി സ്വഭാവത്തിൽ മാറ്റം വരുത്തണം. നിക്കോട്ടിൻ ഉപഭോഗം നിർത്തുന്നതിൽ നിന്ന് അനുഭവപ്പെടുന്ന പിൻവലിക്കൽ ലക്ഷണങ്ങളെ നേരിടണം. തുടർന്നുള്ള മാനസികാവസ്ഥ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള മറ്റ് മാർഗങ്ങളും കണ്ടെത്തണം.
വിവരങ്ങൾ: ഡോ. ദീപ്തി റ്റി.ആർ.
മെഡിക്കൽ ഓഫീസർ, മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂർ
ഫോൺ - 0497 270 5309, 62382 65965.