അമിതവണ്ണവും പ്രമേഹവും തടയാം
Tuesday, May 23, 2023 4:19 PM IST
നിരന്തര വ്യായാമം
വ്യായാമം ദിനചര്യയാക്കുക എന്നത് വളരെ പ്രധാനമാണ്. വ്യായാമം ഇന്‍സുലിന്‍ സെന്സിറ്റീവിറ്റി ഉയര്‍ത്തും. അത് കലോറി എരിച്ചു കളയാനും പ്രമേഹം ഇല്ലാതാക്കാനും സഹായിക്കും.
ഒരാള്‍ ആദ്യമായിട്ടാണ് വ്യായാമം തുടുങ്ങുന്നതെങ്കില് ക്രമേണ വര്‍ക്ക്ഔട്ട് തീവ്രമാക്കുകയും ഒരോ അഭ്യാസത്തിന്റെയും സമയം ദീര്‍ഘിപ്പിക്കുകയും ചെയ്യണം.
ആഴ്ചയില്‍ 150 മിനിട്ടോ അതില്‍ കൂടുതലോ ചടുലതയോടെയുള്ള നടത്തം, സൈക്കിളിംഗ്, നീന്തല്‍ തുടങ്ങിയ അഭ്യാസങ്ങൾ മിതമായ രീതിയിൽ ചെയ്യണം.
ആവശ്യത്തിന് ഉറക്കം
മതിയായ ഉറക്കത്തിന് വിശപ്പിനെയും പോഷണരീതിയെയും ബാധിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കുക വഴി അമിതവണ്ണവും പ്രമേഹവും കുറയ്ക്കാന്‍ കഴിയും.
അതുപോലെ തന്നെ, നല്ല ഉറക്കം ശരീരത്തിന്റെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി ഉയര്‍ത്തുകയും മാനസിക സമ്മര്‍ദം കുറയ്ക്കുകയും പൊതുവെ ശരീരത്തെ കൂടുതല്‍ സുഖപ്രദമാക്കുകയും ചെയ്യും.
ഉത്തമ ആരോഗ്യം ഉറപ്പുവരുത്താന്‍ മുതിര്‍ന്നവര്‍ 7 മണിക്കൂര്‍ മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങി ശീലിക്കണം.
പുകവലി ഉപേക്ഷിക്കണം
പുകവലി ഉപേക്ഷിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് അമിതവണ്ണവും പ്രമേഹവും കുറയ്ക്കാന്‍ സഹായിക്കും. പുകവലി നിര്‍ത്തുമ്പോള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കൂടും.
കായിക പ്രവര്‍ത്തനം കാര്യക്ഷമമാകും. കലോറി കുറയ്ക്കുകയും പോഷണരീതി പൊതുവായി മാറുകയും ചെയ്യും.
ജീവിതശൈലിയിൽ മാറ്റം വരുത്താം
അമിതവണ്ണമുളളവരില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം വ്യക്തികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശങ്ങൾ പ്രകാരം ദിനചര്യയിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തി വണ്ണം കുറച്ചും പ്രമേഹം ഇല്ലാതാക്കിയും സുഖപ്രദമായി ജീവിക്കാന്‍ കഴിയും.
ഡോ. അഖിൽ കൃഷ്ണ
എംബിബിഎസ്, എംഡി (ഇന്റേണൽ മെഡിസിൻ), ഡിഎൻബി (ഇന്റേണൽ മെഡിസിൻ), ഡിഎം (എൻഡോക്രൈനോളജി) , എസ്സിഇ (എൻഡോക്രൈനോളജി ആർസിപി, യുകെ). അസോസിയേറ്റ് കൺസൽട്ടന്റ് ഇൻ എൻഡോക്രൈനോളജി, കിംസ് ഹെൽത്ത്, തിരുവനന്തപുരം.