ആങ്ക്യലോസിംഗ് സ്പോണ്ടിലൈറ്റിസ്: രോഗനിർണയവും ചികിത്സാരീതികളും
Wednesday, May 10, 2023 3:09 PM IST
നട്ടെല്ലിനെയും ഇടിപ്പെല്ലിനെയും വസ്തി പ്രദേശത്തെ എല്ലുകളെയും ബാധിക്കുന്ന വാതരോഗമാണ് അങ്ക്യലോസിംഗ് സ്പോൺഡിലൈറ്റിസ്. നട്ടെല്ലിലെ കശേരുക്കളുടെ സന്ധികളിൽ ഉണ്ടാവുന്ന ഈ വാതരോഗം, ഇതിനെ സംയോജിപ്പിക്കുകയും (fusion of vertebrae) കാലക്രമത്തിൽ ശരീരത്തിന്റെ ചലനക്ഷമത കുറയ്ക്കുകയും കുമ്പിടാനും കഴുത്ത് ചലിപ്പിക്കാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നു. എല്ലുകളെ ബാധിക്കുന്നതോടെ നെഞ്ചിന്റെ വികാസക്ഷമതയും കുറയുന്നതായി കാണുന്നു.
റൂമറ്റോളജിസ്റ്റ്
ഈ രോഗം നിർണയിക്കുന്നതും ചികിത്സിക്കുന്നതും റൂമറ്റോളജിസ്റ്റാണ്. രോഗനിർണയത്തിന് സമ്പൂർണ ശാരീരിക പരിശോധനയോടൊപ്പം ഇഎസ്ആർ( ESR), സിആർപി(CRP) മുതലായ നീർക്കെട്ടിനെ കാണിക്കുന്ന രക്ത പരിശോധനയും എക്സറേകളും പ്രാരംഭഘട്ടത്തിൽ എംആർഐ (MRI), സ്കാനിംഗ് (Scanning) എന്നിവയും ആവശ്യമായി വരാം.
അങ്ക്യലോസിംഗ് സ്പൊൺഡിലൈറ്റിസിന്റെ ചികിത്സയിൽ മരുന്നിനോടൊപ്പം ഫിസിയോതെറാപ്പി (Physiotheraphy), ഒക്കുപ്പേഷൻ തെറാപ്പി (Occupation therapy) വിഭാഗങ്ങളുടെയും സേവനങ്ങൾ സങ്കോചിപ്പിച്ചു ചെയ്യുന്ന ചികിത്സാരീതിയാണ് ഉത്തമം.
മരുന്നുകൾ
മരുന്നുകളിൽ നോൺ സ്റ്റിറോയ്ഡൽ ആന്റി ഇൻഫ്ളമേറ്ററി ഡ്രഗ്സ് (Non steriodal anti inflammatroy drugs - NSAIDS) ആണ് പ്രാരംഭ ഘട്ടത്തിൽ ഉപയോഗിക്കുന്നത്. ഇത് വേദനയും നട്ടെല്ലിലെ മുറുക്കവും കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ, രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ഡിസീസ് മോഡിഫയിംഗ് ആന്റി റുമാറ്റിക് ഡ്രഗ്സ് (disease modifying anti Rehumatic drugs - DMARDS)ഉപയോഗിക്കേണ്ടി വരും.
ജൈവ മരുന്നുകൾ
ജൈവ മരുന്നുകളുടെ കണ്ടുപിടിത്തത്തോടെ വിപ്ലവകരമായ മാറ്റമാണ് അങ്ക്യലോസിംഗ് സ്പൊൺഡിലൈറ്റിസ് ചികിത്സയിൽ ഇന്ന് വന്നിട്ടുള്ളത്.
ഇതിൽ പ്രധാനമായും Anti TNF (Infliximab Adalimumab Etanarcept), JAK Inhibotor (Tofacitinib) മുതലായ മരുന്നുകൾ ഈ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സന്ധികളുടെ നാശം നിയന്ത്രിക്കുന്നതിനും വൈകല്യങ്ങൾ വരാതിരിക്കുന്നതിനും വളരെ ഫലപ്രദമാണ്.
ഡോ.ഗ്ലാക്സൺ അലക്സ്
കൺസൾട്ടന്റ് റൂമറ്റോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.