വിവിധതരം സന്ധിവാതങ്ങളും കാരണവും
ഡോ. എം. പി. മണി
Tuesday, April 18, 2023 2:52 PM IST
പ്രായം കൂടുന്നതിന്റെ ഭാഗമായി ശരീരത്തിലെ കോശങ്ങൾക്ക് ക്ഷീണവും തളർച്ചയും സംഭവിക്കുന്നതു തന്നെയാണ് അടിസ്ഥാനപരമായി സന്ധികളിൽ നീർക്കെട്ടും വേദനയും ചലിപ്പിക്കാൻ പ്രയാസവും ഉണ്ടാകുന്നതിന് കാരണമാകുന്നത്.
നല്ല തടിയുള്ള ശരീര പ്രകൃതി ഉള്ളവരിൽ സന്ധികളിൽ കൂടുതൽ ഭാരം താങ്ങേണ്ടി വരുന്നതുകൊണ്ട് സന്ധികളിൽ വേദനയും നീർക്കെട്ടും ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ഉണ്ടാകാവുന്നതാണ്.
സന്ധികളിൽ ഏൽക്കുന്ന ആഘാതങ്ങളും മറ്റു രോഗങ്ങളും അണുബാധകളും ഇതിന് കാരണമാകാം. ഇതിന്റെ ഫലമായി സന്ധികളിൽ ശക്തമായ വേദന അനുഭവപ്പെടുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇത് 'ആർത്രൈറ്റിസ്' എന്ന പേരിലും ആയുർവേദത്തിൽ 'വാതശോണിതം' എന്ന പേരിലും ആണ് അറിയപ്പെടുന്നത്. ആർത്രോൺ എന്നാൽ സന്ധി. ഐറ്റിസ് എന്നാൽ നീർക്കെട്ട്. അങ്ങനെയാണ് സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ടിന് ആർത്രൈറ്റിസ് എന്ന പേര് ഉണ്ടായത്.
നീർക്കെട്ട് ഉണ്ടാകുന്നതിനുള്ള കാരണങ്ങളെ അടിസ്ഥാനമാക്കി ഈ രോഗത്തെ പലതായി തരംതിരിച്ചിട്ടുണ്ട്.
ഓസ്റ്റിയോ ആർത്രൈറ്റിസ്
പ്രായം കൂടിയ കാലത്ത് ഉണ്ടാകുന്നതാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്.
റുമാറ്റോയ്ഡ് ആർത്രൈറ്റിസ്
നീർക്കെട്ട് ഉണ്ടാകുന്നതിന്റെ ഫലമായി, ശരീരത്തിലെ പ്രതിരോധ ശേഷിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഫലമായി പ്രത്യേകിച്ച് ചെറുപ്പക്കാരിൽ കണ്ട് വരുന്നതാണ് 'റൂമാറ്റോയ്ഡ് ആർത്രൈറ്റിസ്'.
ഗൗട്ട്
രാസപരമായ കാരണങ്ങളാൽ, രക്തത്തിൽ യൂറിക് ആസിഡിന്റെ നില ഉയരുകയും കാത്സ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നതിന്റെ ഫലമായിട്ടാണ് 'ഗൗട്ട്' എന്ന സന്ധിവാത രോഗം ഉണ്ടാകുന്നത്.
അക്യൂട്ട് ആർത്രൈറ്റിസ്
ഹീമോഫീലിയ രോഗം ഉള്ളവരിൽ രക്തം കട്ട പിടിക്കുന്ന കാര്യത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുടെ ഭാഗമായും മറ്റുള്ളവരിൽ ആഘാതം, അണുബാധകൾ എന്നിവയുടെ ഫലമായി പഴുപ്പ് ഉണ്ടാകുന്നതിന്റെ ഭാഗമായും സന്ധികളിൽ വേദനയും നീർക്കെട്ടും ഉണ്ടാകുന്നതിനെ 'അക്യൂട്ട് ആർത്രൈറ്റിസ്' എന്നാണ് പറയുന്നത്.
ഇതിനെല്ലാം പുറമെ ക്ഷയരോഗവും വാതപ്പനിയും സന്ധികളിൽ വേദനയും നീർക്കെട്ടും ഉണ്ടാകാൻ കാരണമാകാറുണ്ട്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393