ഓട്ടിസം ഒരു അസുഖമല്ല, അവസ്ഥയാണ്
തസ്നി എഫ്.എസ്
Sunday, April 9, 2023 3:42 PM IST
ഒരു കുടുംബം ഏറ്റവും പ്രയാസമനുഭവിക്കുന്ന കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളര്‍ത്തിയെടുക്കുക എന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓട്ടിസമുള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും. "ഓട്ടിസം' ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്. ഓട്ടിസമുള്ള കുട്ടികളെ സമൂഹം ഒറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്. അവരെ നമ്മളിൽ ഒരാളായി കാണണം.
മാനസിക വ്യതിയാനം
കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനമാണ് ഒാട്ടിസം. ജനനസമയത്തെ ആദ്യനാളുകളിൽ ഓട്ടിസം കണ്ടുപിടിക്കാന്‍ സാധിക്കുകയില്ല. ഒരു കുഞ്ഞിന് ഓട്ടിസം ഉണ്ട് എന്ന് മനസിലാക്കുന്നത് അവരുടെ സ്വഭാവത്തിലൂടെയാണ്. ഓട്ടിസം കുട്ടികൾ ദൈനംദിന ജീവിതത്തിൽ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ അവരെ മറ്റു കുഞ്ഞുങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നു. ഓട്ടിസമുള്ള കുട്ടികളുടെ പ്രശ്നങ്ങൾ മനസിലാക്കി അവരുടെ കഴിവുകൾ വളത്തിയെടുക്കാൻ അവരുടെ മാതാപിതാക്കള്‍ക്ക് 'ഓട്ടിസം' എന്ന അവസ്ഥയെക്കുറിച്ച് പൂര്‍ണബോധവത്കരണം നല്‍കേണ്ടതുണ്ട്.
ലക്ഷണങ്ങൾ വ്യത്യസ്തം
സാമൂഹികപരമായും ആശയവിനിമയപരമായും ബുദ്ധിപരമായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഓര്‍ഗാനിക്ക് ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോഡറാണ് 'ഓട്ടിസം'. ഓട്ടിസത്തെ - ആശയവിനിമയത്തിലും പരസ്പരബന്ധങ്ങൾ സ്ഥാപിക്കുന്നതിലും കുട്ടികൾ നേരിടുന്ന പ്രയാസമാണെന്ന് പറയാം. ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഓരോ കുട്ടിയിലും വ്യതസ്തമായിരിക്കും. ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കണ്ടുവരുന്നത്. തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള അസാധാരണത്വമാണ് ഓട്ടിസം ഉണ്ടാകുന്നത്.
മൂന്നു വയസിനുളളിൽ...
മൂന്ന് വയസിനുള്ളിൽ കുട്ടിക്ക് ഓട്ടിസം ഉണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. കുഞ്ഞുങ്ങളുടെ വളര്‍ച്ചയും ബുദ്ധിവികാസവും ശരിയായ രീതിയിൽ നടക്കുന്നുവെന്ന് എല്ലാ മാതാപിതാക്കളും നിര്‍ബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്. കാരണം, കൃത്യമായി കുഞ്ഞുങ്ങളെ നിരീക്ഷിക്കാത്തതു കൊണ്ടു മാത്രം ഓട്ടിസമുള്ള കുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയിൽ ശരിയായ ചികിത്സ ലഭിക്കാതെ പോകും. കുട്ടിയിൽ ഓട്ടിസം ലക്ഷണങ്ങൾ നേരത്തെ കണ്ടുപിടിക്കുകയും തുടര്‍ച്ചയായി ഇവരുടെ കാര്യത്തിൽ ശരിയായ രീതിയിൽ ഇടപെടുകയുമാണെങ്കിൽ ഇത്തരം കുട്ടികള്‍ക്ക് മെച്ചപ്പെട്ട പുരോഗതി ഉണ്ടാകാൻ സഹായകമാകും.
വിവരങ്ങൾ: തസ്നി എഫ്.എസ്
ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുരം.