"നന്നായി പഠിച്ചിട്ടും ഒന്നും എഴുതാൻ പറ്റുന്നില്ല...'
ജസ്ന റഫ്നാസ്
Saturday, February 25, 2023 4:40 PM IST
"നന്നായി പഠിച്ചതാ, പക്ഷേ പരീക്ഷാ ഹാളിൽ കേറിയപ്പോ മുതൽ ഭയങ്കര ടെൻഷൻ. പഠിച്ചതൊന്നും ഓർമ വന്നില്ല, ഹാർട്ട് ബീറ്റ് കൂടി, വിയർത്തു. അതുകൊണ്ടുതന്നെ ഒന്നും എഴുതാനും പറ്റിയില്ല...' വിദ്യാർഥികളിൽനിന്നു സാധാരണയായി കേട്ടുവരുന്ന അനുഭവങ്ങളാണ് ഇതൊക്കെ. അമിതമായ പരീക്ഷാ ഉത്കണ്ഠയാണ് ഇവിടെ വില്ലനാകുന്നത് .
ഉത്കണ്ഠ സർവസാധാരണയായി എല്ലാവരിലും ഉണ്ടാവുന്നുണ്ടെങ്കിലും ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പലർക്കും അറിവില്ല എന്നതാണ് സത്യം. മുമ്പ് എപ്പോഴെങ്കിലും പരീക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള മോശമായ അനുഭവങ്ങൾ, മതിയായ തയാറെടുപ്പിന്റെ അഭാവം, പരാജയത്തെക്കുറിച്ചുള്ള ശക്തമായ ഭയം, ആത്മവിശ്വാസക്കുറവ് (ഞാനൊന്നിനും കൊള്ളില്ല എന്നുള്ള ചിന്ത), മാതാപിതാക്കളുടെ സമ്മർദ്ദം, വേണ്ടത്ര ഉറക്കമില്ലായ്മ എന്നിവയെല്ലാം പരീക്ഷാ ഉത്കണ്ഠയുടെ പ്രധാന കാരണങ്ങളാണ് .
കാര്യക്ഷമമായി പഠിക്കുക, കുറച്ചുകുറച്ചായി സമയമെടുത്തു പഠിക്കുക, നന്നായി ഉറങ്ങുക, വീട്ടിലിരുന്നുകൊണ്ട് സ്വന്തമായി പ്രീ ടെസ്റ്റുകൾ പരിശീലിക്കുക, റിലാക്സേഷൻ ടെക്നിക്കുകൾ ശീലമാക്കുക, ഇത്രയും കാര്യങ്ങളിലൂടെ പരീക്ഷാ ഉത്കണ്ഠയെ ഒരു പരിധിവരെ മാറ്റിയെടുക്കാൻ സാധിക്കും. ആവശ്യമെങ്കിൽ ഒരു മെന്റൽ ഹെൽത്ത് പ്രഫഷണലിന്റെ സഹായവും തേടുക.
ജസ്ന റഫ്നാസ്
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, ജില്ലാ സഹകരണ ആശുപത്രി
കോഴിക്കോട്