ഗുളിക മാത്രമാണ് എളുപ്പമെന്നു വിചാരിച്ചാൽ..!
ഡോ. ഷർമദ് ഖാൻ BAMS, MD
Thursday, February 16, 2023 4:37 PM IST
കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനായി പലതരത്തിലുള്ള ജീവിതശൈലീമാറ്റങ്ങൾ ആദ്യമൊക്കെ വരുത്തുന്നവരും ക്രമേണ മരുന്നിലേക്കുതന്നെ മാറുന്നതായി കണ്ടുവരുന്നു. തുടർച്ചയായി ഭക്ഷണക്രമീകരണം കൃത്യതയോടെ അനുസരിക്കുന്നതിനേക്കാൾ ഗുളിക കഴിക്കുന്നതാണ് എളുപ്പമെന്ന് രോഗികൾ വിചാരിക്കുന്നതാണ് ഇതിനുകാരണം.
മരുന്നിന്റെ അളവ് കൂടിയാൽ
ഭക്ഷണക്രമത്തിലൂടെ കൊളസ്ട്രോൾ കുറയുന്നതിനൊപ്പം അനുബന്ധരോഗങ്ങളും അവ ഉണ്ടാകാനുള്ള സാധ്യതകളും കുറയും.
എന്നാൽ മരുന്നുമാത്രം കഴിച്ച് രോഗത്തെ വരുതിയിലാക്കാൻ ശ്രമിക്കുന്നവർക്ക് ക്രമേണ മരുന്നിന്റെ അളവ് വർധിപ്പിക്കേണ്ടി വരികയും ഇതേ കാരണം കൊണ്ടുതന്നെ പുതിയ ചില രോഗങ്ങൾ കൂടി ഉണ്ടാവുകയും ചെയ്യുമെന്നതാണ് യാഥാർഥ്യം.
മറ്റു രോഗങ്ങൾ ഉള്ളവരിൽ...
കൊളസ്ട്രോൾ വർധിച്ചിരിക്കുന്നവരിൽ അമിതവണ്ണം, തൈറോയ്ഡ്, ഫാറ്റിലിവർ, കരൾ സംബന്ധമായ രോഗങ്ങൾ എന്നിവയുണ്ടെങ്കിൽ അവയ്ക്കും ശരിയായ ചികിത്സ ആവശ്യമാണ്.
ഇവയിലേതെങ്കിലുമൊന്ന് മാത്രമായി ചികിത്സിച്ചു ഭേദമാക്കാൻ പ്രയാസവുമാണ്.
ഓരോ അവസ്ഥയ്ക്കും പ്രത്യേകം പ്രത്യേകമുള്ള മരുന്നുകളും ആവശ്യമായിവരും. എന്നാൽ ഇത്തരമാൾക്കാർ ഭക്ഷണം ക്രമീകരിച്ചാൽ, അതായത് പഥ്യമനുസരിച്ചുള്ള ഭക്ഷണം ഉൾപ്പെടുത്തുകയും അപഥ്യമായതിനെ ഒഴിവാക്കുകയും ചെയ്താൽ മേൽപ്പറഞ്ഞ എല്ലാ അവസ്ഥകൾക്കും സമാധാനം ലഭിക്കും.
പ്രായമൊന്നും ഒരു പ്രശ്നമേയല്ല
മാംസവും കൊഴുപ്പും അമിതമായി അരിയാഹാരവും കഴിക്കുന്നവർക്കു
മാത്രമേ കൊളസ്ട്രോൾ ഉണ്ടാകൂ എന്ന ധാരണ ശരിയല്ല. എന്നാൽ, അത്തരമാളുകൾക്ക് കൊളസ്ട്രോൾ വർധിക്കാനുള്ള സാധ്യത കൂടുതലാണെന്ന കാര്യത്തിൽ തർക്കമില്ല.
ശീലിച്ച സമയത്ത് ആഹാരം കഴിക്കാത്തവരിൽ കൊളസ്ട്രോൾ വർധിച്ചുവരുന്നതായും പഠനങ്ങളുണ്ട്. മാത്രമല്ല, പ്രത്യേക പ്രായപരിധിയോ വണ്ണമോ ഒന്നുംതന്നെ കൊളസ്ട്രോൾ ഉണ്ടാകുന്നതിന് കാരണങ്ങളുമല്ല. (തുടരും)
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481