ആര്‍ത്തവ സമയത്ത് ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കാം
ഡോ. ലക്ഷ്മി അമ്മാൾ
Wednesday, February 8, 2023 4:07 PM IST
കൗമാരക്കാരില്‍ ആര്‍ത്തവ സമയത്ത് കാണുന്ന മറ്റൊരു പ്രശ്നം വയറുവേദനയാണ്. ഈ വയറുവേദന മാസമുറ തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് തുടങ്ങുകയും ആദ്യത്തെ ഒരു ദിവസം ഏതാനും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുകയും ചെയ്യും. ഈ വേദനയുടെ കാഠിന്യം പല കുട്ടികളിലും വ്യത്യസ്തമാണ്.
എന്നിരുന്നാലും ഭൂരിഭാഗം പേര്‍ക്കും മരുന്നുകള്‍ ഒന്നും കഴിക്കാതെ തന്നെ ഈ വയറുവേദന മാറുന്നതായിട്ടാണ് കാണുന്നത്. വയറിനോ നടുവിനോ ചൂടു കൊടുക്കുകയും വയര്‍ അമര്‍ത്തിപ്പിടിച്ച് കമഴ്ന്നു കിടക്കുകയുമൊക്കെ ചെയ്യുന്നതു വഴി കുട്ടികള്‍ തന്നെ ഇതിനു പരിഹാര മാര്‍ഗം കണ്ടുപിടിക്കാറാണ് പതിവ്. വളരെ ചെറിയ ശതമാനം കുട്ടികളില്‍ ഈ വയറുവേദന അതികാഠിന്യമുള്ളതായിട്ട് കണ്ടുവരുന്നു.
വയറുവേദന തീവ്രമെങ്കിൽ...
വളരെ കഠിനമായ വയറുവേദന, കാലുവേദന, നടുവേദന ചിലപ്പോള്‍ ഇതിന്റെ കൂട്ടത്തില്‍ തലകറക്കവും ഛര്‍ദിയും കണ്ടുവരുന്നു.
ഇങ്ങനെ മാസമുറ സമയത്ത് വയറുവേദന അതിതീവ്രമാണെങ്കില്‍ തീര്‍ച്ചയായും ഗൈനക്കോളജിസ്റ്റിനെ കണ്ട് മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല് എന്ന് ഉറപ്പിച്ചതിനുശേഷം തുടര്‍ന്നുള്ള ആർത്തവത്തിന്റെ വേദന വരാന്‍ തുടങ്ങുമ്പോള്‍ തന്നെ കഴിക്കാനുള്ള ഒന്നോ രണ്ടോ വേദനസംഹാരി ഗുളികകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു തരും.
പക്ഷ, ഡോക്ടര്‍മാര്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ നിര്‍ദേശിച്ചാല്‍ പോലും അത് കഴിക്കുന്നതിനോട് മാതാപിതാക്കള്‍ക്ക് വിയോജിപ്പ് കണ്ടുവരുന്നുണ്ട്. ഇത്തരം മരുന്നുകള്‍ ഭാവിയില്‍ കുട്ടികളുടെ പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കും എന്നുള്ള മിഥ്യാധാരണ നിലനില്ക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ തെറ്റിദ്ധാരണ അവര്‍ വളര്‍ന്നു വരുന്ന പുതുതലമുറയിലേക്ക് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു.
പലപ്പോഴും കുട്ടികള്‍ക്ക് സ്കൂളില്‍ പോലും പോകാന്‍ സാധിക്കാതെ വേദനയും സഹിച്ച് വീട്ടില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ് നമ്മള് കാണുന്നത്. അതിന്റെ ആവശ്യമില്ല. മാസമുറ സമയത്ത് ഒരു വേദനസംഹാരി കഴിച്ചു എന്നു പറഞ്ഞ് അവരുടെ പ്രത്യുത്പാദനപരമായ ആരോഗ്യത്തെ ഒരു വിധേനയും ബാധിക്കുകയില്ല.
മറ്റു കാരണങ്ങളും...
ശാരീരികമായ വളര്‍ച്ചയുടെ ഭാഗമായി വരുന്ന ക്രമക്കേടുകളല്ലാതെ വളരെ വിരളമായി മറ്റു കാരണങ്ങളും ഉണ്ടാകാം. രക്തം കട്ടപിടിക്കാനുള്ള താമസം, മറ്റു ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, തൈറോഡിന്റെ പ്രശ്നങ്ങള്‍, പോളിസിസ്റ്റിക് ഓവറി, ഗര്‍ഭപാത്രത്തിനകത്തു ഉണ്ടാകുന്ന മുഴകള്‍ ഒക്കെ ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാക്കുന്നവയാണ്.
പക്ഷേ, ഇതിനൊക്കെ പ്രത്യേക ലക്ഷണങ്ങളുണ്ട്. ഡോക്ടറെ കണ്ടു കഴിയുമ്പോള്‍ അത് അവര്‍ക്ക് മനസിലാകും. കൗമാര പ്രായത്തില്‍ രക്തസ്രാവം കൂടുതലാണെങ്കില്‍ തീര്‍ച്ചയായും ഗൈനക്കോളജിസ്റ്റിനെ കണ്ട് അതിനുള്ള പ്രതിവിധി തേടേണ്ടതാണ്.
വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.