പ്രാണായാമം, വ്യായാമം, യോഗ, ധ്യാനം
ഡോ. ബി. ഹേമചന്ദ്രൻ
Tuesday, February 7, 2023 3:04 PM IST
കാൻസർ പ്രതിരോധത്തിന് ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതാണ്.
ലഹരി ഉപേക്ഷിക്കാം
ലഹരികളൊന്നും ശീലിക്കാതിരിക്കുക. നൈമിഷിക സുഖം തരുന്ന ലഹരികളുടെ ഉപയോഗം നിമിത്തം എത്രയെത്ര കുടുംബങ്ങളാണ് തകർന്നടിയുന്നത്. പുകവലിയും മദ്യപാനവും നിമിത്തം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തികച്ചെലവുകളും ആഘാതങ്ങളും അവയുടെ വിപണി സൃഷ്ടിക്കുന്ന വരുമാനത്തേക്കാൾ പതിന്മടങ്ങാണെന്ന് ഓർക്കുക.
നോൺ - സ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്പോൾ...
നോൺ - സ്റ്റിക് പാത്രങ്ങളുടെ അശാസ്ത്രീയ ഉപയോഗവും കാൻസറിനു കാരണമാകാം. ഈ പാത്രങ്ങൾ കൂടുതൽ ചൂടാക്കുമ്പോൾ പുറത്തുവരുന്ന വിഷവാതകം ഭക്ഷണത്തിൽ കലർന്ന് കാൻസറിനു കാരണമാകാം. ഇത്തരം പാത്രങ്ങൾ ജലാംശമുള്ള ഭക്ഷണങ്ങൾ മാത്രം പാകം ചെയ്യാൻ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാം
ഇലക്്ട്രിക് - സൗരോർജ വാഹനങ്ങളിലേ ക്കുള്ള മാറ്റം അനിവാര്യം. ഡീസൽ, പെട്രോൾ വാഹനങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം അർബുദ രോഗികളുടെ എണ്ണം, പ്രത്യേകിച്ച് നഗരങ്ങളിൽ വർധിക്കാൻ കാരണമാകുന്നുണ്ട്.
മാനസിക സമ്മർദം കുറയ്ക്കാം
മാനസികാരോഗ്യം പ്രധാനം. അർബുദമുൾപ്പടെ എല്ലാ ജീവിതശൈലീരോഗങ്ങളുടെയും പ്രധാന കാരണം മാനസിക സമ്മർദങ്ങൾ കൂടിയാണ്. ഹൈടെക് യുഗത്തിൽ അതിവേഗത്തിലുള്ള യാന്ത്രിക ജീവിതത്തിൽ പലപ്പോഴും മാനസികാരോഗ്യം അവഗണിക്കപ്പെടുന്നു. വ്യായാമം, പ്രാണായാമം, യോഗ, ധ്യാനം മുതലായവ ശീലമാക്കുന്നത് മാനസികാരോഗ്യത്തിന് അഭികാമ്യമാണ്.
നല്ല കാര്യങ്ങളിൽ വ്യാപൃതരാവുക - കരുണ, ത്യാഗം, ശരീര -വാഗ് -മനസുകളുടെ സൂക്ഷ്മമായ വിവേചനബുദ്ധിയോടെയുള്ള പ്രയോഗം, മറ്റുള്ള ജീവികൾക്കും ഗുണകരമാകുന്ന രീതിയിലുള്ള പ്രവൃത്തികൾ മുതലായവയാണ് ആയുർവേദം അനുശാസിക്കുന്ന സദ് വൃത്തങ്ങൾ. ഇവ ശീലിച്ചാൽ ആയുസും ആരോഗ്യവും പ്രാപിക്കാം. അർബുദമില്ലാത്ത ലോകം സാധ്യമാകണമെങ്കിൽ പ്രകൃതിനിയമങ്ങളെ ആദരിച്ച് സഹജീവികളോടിണങ്ങി ശരീര മനസുകളെ വേണ്ട രീതിയിൽ പരിപാലനം ചെയ്ത് ജീവിക്കണമെന്നു സാരം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ബി. ഹേമചന്ദ്രൻ
സീനിയർ ഫിസിഷ്യൻ, കോട്ടയ്ക്കൽ ആര്യ വൈദ്യശാല, കോട്ടയം.