"പെണ്ണായ നിങ്ങൾ പോരാടി കയറുമ്പോൾ ആണായ ഞങ്ങൾ വിറക്കുന്നതെന്തേ?'
Sunday, January 16, 2022 7:27 PM IST
മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയുള്ള അഭിനന്ദനങ്ങളുമായി നടൻ ഹരീഷ് പേരടി. ഒരു സ്ത്രീയായിരുന്നു എങ്കിൽ അഭിമാനത്തോടെ ഡബ്ല്യുസിസിയിൽ ചേരാമായിരുന്നു എന്നാണ് ഹരീഷ് പേരടി പറഞ്ഞത്. 'പെൺ സൈന്യത്തിന് അഭിവാദ്യങ്ങൾ. ഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി ഡബ്ല്യുസിസിയിൽ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദർഭം. ആൺ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്. പെണ്ണായ നിങ്ങൾ പോരാടി കയറുമ്പോൾ ആണായ ഞങ്ങൾ വിറക്കുന്നതെന്തേ?' ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് രാവിലെയാണ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഡബ്യൂസിസി അംഗങ്ങള്‍ വനിത കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട് നടത്തിയ വനിതാ കമ്മീഷന് സിറ്റിങ്ങിനിടെ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നുമാണ് ഡബ്ല്യുസിസിയുടെ ആവശ്യം.
പാര്‍വതി തിരുവോത്ത്, പത്മപ്രിയ, ദീദി ദാമോദരന്‍, സയനോര അടക്കമുള്ളവരാണ് കൂടിക്കാഴ്ചക്ക് എത്തിയത്. 2019 ഡിസംബർ 31 നായിരുന്നു കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്.