മലയാള ചലചിത്രങ്ങളുടെ ഒരു നീണ്ട നിര റിലീസനായി ഒരുങ്ങുകയാണ്. ജൂണ്‍ അവസാനവാരവും ജൂലൈ മാസവും ഓഗസ്റ്റിലുമായി കുറെയധികം ചിത്രങ്ങളാണ് തിയറ്ററില്‍ റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനായെത്തുന്ന കടുവ, ടൊവീനൊയുടെ തല്ലുമാല തുടങ്ങി നരിവധി ചിത്രങ്ങളാണ് വരുന്നത്. റിലീസ് ചെയ്യുന്ന ചിത്രങ്ങളും തിയ്യതികളും നോക്കാം.

കടുവ

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കടുവ ജൂണ്‍ 30-ന് തിയറ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന് രചന നിർവഹിക്കുന്നത് ജിനു വി. എബ്രഹാമാണ്. സുപ്രിയ മോനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ് വില്ലനായി എത്തുന്നു. സംയുക്ത മേനോനാണ് നായിക.

വിക്രന്ത് റോണ

ആരാധകര്‍ കാത്തിരിക്കുന്ന കിച്ച സുദീപ് ചിത്രമാണ് വിക്രന്ത് റോണ. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. നിരൂപ് ഭണ്ഡാരി, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നീതാ അശോക് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 28-ന് ചിത്രം തിയറ്ററിലെത്തും.

കുറി

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രമാണ് കുറി. കെ.ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ എട്ടിന് റിലീസ് ചെയ്യും. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് വിഷ്ണു എത്തുന്നത്. ഇടുക്കി വണ്ടിപ്പെരിയാറില്‍ ചിത്രീകരിച്ച ചിത്രത്തിൽ സുരഭി ലക്ഷ്മി, അതിഥി രവി, വിനോദ് തോമസ്, സാഗര്‍ സൂര്യ തുടങ്ങിയവര്‍ അഭിനയിക്കുന്നു.



അടിത്തട്ട്

സണ്ണി വെയ്നും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂലൈ ഒന്നിന് റിലീസ് ചെയ്യും. ജിജോ ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഉല്ലാസം

ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രം ജൂലൈ ഒന്നിനാണ് തിയറ്ററില്‍ റിലീസ് ചെയ്യുന്നത്. മുഴുനീള ഹാസ്യ ചിത്രമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീവൻ ജോജോ ആണ്.

മഹാവീര്‍യാര്‍

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ ചിത്രം ജൂലൈ 21-ന് റിലീസ് ചെയ്യും. നിവിന്‍ പോളിയും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



തല്ലുമാല

ടൊവീനോ തോമസ് നായകനാകുന്ന ചിത്രം തല്ലുമാല ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് മുഹ്സിന്‍ പരാരിയും അഷറഫ് ഹംസയും ചേര്‍ന്നാണ്. കല്ല്യാണി പ്രിയദര്‍ശനാണ് നായിക.

തോര്‍ ലവ് ആന്‍ഡ് തണ്ടര്‍

ആരാധകര്‍ ഏറെ കാത്തിരുന്ന സൂപ്പര്‍ ഹീറോ ചിത്രം തോര്‍ ലവ് ആന്‍ഡ് തണ്ടര്‍ ജൂലൈ ഏഴിന് തിയറ്ററുകളിൽ എത്തും.