നടൻ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം
Wednesday, January 25, 2023 11:56 AM IST
സിനിമ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഔദ്യോഗിക സ്ഥാനകയറ്റം. വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ആയാണ് നിയമനം. നിലവിൽ കാസർകോഡ് വിജിലൻസ് ഇൻസ്പെക്ടറാണ് അദ്ദേഹം.
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് സിബി അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സിബി തോമസാണ്. സൂര്യ നായകനായ ജയ് ഭീമിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.
ഉദ്യോഗ ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിരുന്നു.