ഈ ഒരു മറുപടി മതി എല്ലാ വിദ്വേഷവും മാഞ്ഞുപോകാന്‍; റിയാസിനെ അഭിനന്ദിച്ച് സന്തോഷ് ടി.കുരുവിള
Saturday, August 13, 2022 10:54 AM IST
കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ പ്രതികരണത്തെ അഭിനന്ദിച്ച് ചിത്രത്തിന്‍റെ നിര്‍മാതാവ് സന്തോഷ് ടി. കുരുവിള.

ഒരു വരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം മനോഹരമായ മറുപടിയാണ് മുഹമ്മദ് റിയാസ് നല്‍കിയതെന്ന് സന്തോഷ് ടി. കുരുവിള സമൂഹമാധ്യമത്തില്‍ കുറിച്ചു. കഠിനാധ്വാനിയായ ഒരു ചെറുപ്പക്കാരന്‍റെ വളരെ പക്വതയുള്ള മറുപടിയാണ് അദ്ദേഹം നൽകിയതെന്നും സന്തോഷ് പറയുന്നു.

സന്തോഷ് ടി. കുരുവിളയുടെ വാക്കുകള്‍

ഒരു വരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം വളരെ മനോഹരമായ മറുപടിയാണ് മുഹമ്മദ് റിയാസ് ഇന്ന് നല്‍കിയത്. അതിങ്ങനെയാണ്. ''കുഞ്ചാക്കോ ബോബന്‍റെ പുതിയ സിനിമയുടെ പരസ്യ വാചകത്തെ പറ്റി തല്ല് കൂടേണ്ടതില്ല...

അതൊരു സിനിമയാണ്..അതിനെ അങ്ങനെ തന്നെയെടുക്കുക. വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സിനിമ പോലുള്ള കലാ രൂപങ്ങള്‍ക്കോ നമ്മളെ വിമര്‍ശിക്കാം.. നമ്മളെയെന്നല്ല..ആരെയും വിമര്‍ശിക്കാം..‌

ക്രിയാത്മകമായ വിമര്‍ശനങ്ങളേയും നിര്‍ദേശങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നു..സുതാര്യമായ രീതിയില്‍ പ്രശ്നങ്ങളെ പരിഹരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്..വിമര്‍ശനങ്ങളെ വ്യക്തിപരമായി ഞാന്‍ സ്വാഗതം ചെയ്യുന്നു.

കേരളം ഉണ്ടായത് മുതല്‍ തന്നെ ഭൂമി ശാസ്ത്ര പരമായ പ്രത്യേകത, വര്‍ഷ പകുതിയോളം നീണ്ടു നില്‍ക്കുന്ന മഴ എന്നിവയൊക്കെ കൊണ്ട് തന്നെ റോഡുകള്‍ തകരാറിലാകുന്നുണ്ട്.. സംസ്ഥാന പാതകള്‍ മാത്രമല്ല. ദേശീയ പാതയുടെ അവസ്ഥയും ഇത് തന്നെ.

കഴിയാവുന്നത് പോലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.. ഒരുപാട് മാറ്റവും ഒരുപാട് നല്ല റോഡുകളും നിര്‍മിക്കാനായിട്ടുണ്ട്. പരാതികളും വിമര്‍ശനങ്ങളും സ്വീകരിച്ചു കൊണ്ട് തന്നെ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് മുന്നേറാന്‍ നമുക്ക് കഴിയും.''

സ്വന്തം കുടുംബത്തിനു നേരെ പോലും അതിരു കടന്ന കണക്കില്ലാത്ത ആക്രോശങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന, ഇപ്പോഴും അതനുഭവിച്ചു കൊണ്ടിരിക്കുന്ന കഠിനാധ്വാനിയായ ഒരു ചെറുപ്പക്കാരന്‍റെ വളരെ പക്വതയുള്ള മറുപടി.. ഇത് വളരെ മനോഹരമാണ്.

വിമര്‍ശനങ്ങളെ കേള്‍ക്കാന്‍ അസഹിഷ്ണുത ഇല്ലാത്ത സംവിധാനമാകണം കമ്യൂണിസം. റിയാസ് ആ ആ വാചകത്തെ, ആ പദവിയെ ഇന്നോളം അന്വര്‍ഥമാക്കിയ നേതാവാണ്. അദ്ദേഹത്തിന്‍റെ ഈയൊരൊറ്റ മറുപടി മതി പരസ്യവും അതിന്മേലുള്ള വാദ പ്രതിവാദങ്ങളുണ്ടാക്കിയ വിദ്വേഷവും മാഞ്ഞു പോകാന്‍..

ഇരുമ്പ് മറകള്‍ കൊണ്ടല്ല..കൊണ്ടും കൊടുത്തും ചര്‍ച്ച ചെയ്തും കേട്ടും,, നാടകം,സിനിമ ഉള്‍പ്പെടെയുള്ള കലാ രൂപങ്ങളെ ഉപയോഗിച്ചുമാണ് നമ്മളീ സംവിധാനം ഇവിടെ വരെയെത്തിച്ചത്..ശരിയായ അടിസ്ഥാനം നമ്മളിവിടെ കെട്ടി തീര്‍ത്തിട്ടുണ്ട്.. അത് വിമര്‍ശനങ്ങളില്‍ ഒലിച്ചു പോകുന്നതല്ല.. ഒരായിരം ബിഗ് സല്യൂട്ട് മുഹമ്മദ് റിയാസ്...സ്വരാജ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.