ഷാജി കൈലാസിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി പൃഥ്വിരാജ്; വീഡിയോ
Tuesday, November 29, 2022 9:47 AM IST
കടുവ സിനിമയുടെ വിജയാഘോഷത്തിനിടയിൽ സംവിധായകൻ ഷാജി കൈലാസിന്റെ കാലിൽ തൊട്ടു വണങ്ങുന്ന പൃഥ്വിരാജിന്റെ ചിത്രമാണ് ഇപ്പോൾ വൈറൽ. ദി മാസ്റ്റർ എന്ന തലക്കെട്ടോടെ പൃഥ്വിരാജ് തന്നെയാണ് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
കടുവ സിനിമയിൽ പ്രവർത്തിച്ച എല്ലാവരെയും ആദരിക്കുന്ന ചടങ്ങിനായി വേദിയിലേക്കെത്തിയ ഷാജി കൈലാസിന് ഉപഹാരം സമർപ്പിക്കുന്നതിനിടയിലാണ് താരം കാൽ തൊട്ട് അനുഗ്രഹം വാങ്ങിയത്.
മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ സിനിമയാണ് ‘കടുവ’യെന്നും പൃഥ്വിരാജ് ചടങ്ങിൽ വെളിപ്പെടുത്തി.
കടുവ സംവിധാനം ചെയ്യണമെങ്കിൽ ആക്ഷൻ സിനിമകളിലെ തലതൊട്ടപ്പനെത്തന്നെ വിളിക്കണം. അങ്ങനെ ഷാജിയേട്ടനെ (ഷാജി കൈലാസ്) വിളിച്ചു. അന്ന് ഷാജിയേട്ടൻ, മലയാളസിനിമയിൽനിന്നു സ്വയം ഒരഞ്ചാറ് വർഷമായി മാറി നിൽക്കുന്ന സമയമാണ്. എന്റെ നിർബന്ധപ്രകാരം അദ്ദേഹം വന്ന് കഥ കേട്ടു. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞതാണ് ‘കടുവ’യ്ക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്നും പൃഥ്വിരാജ് പറഞ്ഞു.
ആറുവർഷം ഇടവേള എടുത്തുനിന്ന ഒരു സംവിധായകനെ തിരിച്ചുകൊണ്ടുവന്ന നടനല്ല ഞാൻ. ആറുവർഷക്കാലം ഇടവേള എടുത്ത ഷാജിയേട്ടൻ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അതില്‍ അഭിനയിക്കാൻ ഭാഗ്യം കിട്ടിയ നടനാണ് ഞാൻ.
ഷാജിയേട്ടന്റെ വലിയ ആരാധകനാണ് ഞാൻ. അതെന്റെ അസിസ്റ്റന്റ്സിന് വളരെ നന്നായി അറിയാം. എന്റെ സംവിധാനശൈലിയിൽ പോലും അദ്ദേഹം എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ‘അസുരവംശം’ മുതല്‍ ‘കടുവ’ വരെയുള്ള സിനിമകളിൽ ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽനിന്ന് എനിക്ക് പഠിക്കാനായി. അദ്ദേഹം പറഞ്ഞു.