മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും വിവാഹിതരായി
Monday, November 28, 2022 12:52 PM IST
നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. സ്വകാര്യമായി നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ദേവരാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ബാലതാരമായി അഭിനയരംഗത്ത് സജീവമായി പിന്നീട് നായികയായും തിളങ്ങിയ മഞ്ജിമ മോഹൻ പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ്.
കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. മയിൽപ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. പിന്നീട് 2015ൽ ജി.പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായി എത്തി.

നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. പഴയകാല നടൻ മുത്തുരാമന്റെ ചെറുമകൻ കൂടിയാണ്. മണിരത്നം ചിത്രം കടലിലൂടെയായിരുന്നു അരങ്ങേറ്റം. എ.ആർ. മുരുഗദോസ് നിർമിക്കുന്ന ഓഗസ്റ്റ് 16 1947 ആണ് പുതിയ പ്രോജക്ട്. കൂടാതെ സിമ്പു നായകനാകുന്ന ഏറ്റവും പുതിയ സിനിമ പത്തുതലയിലും ശ്രദ്ധേയ വേഷത്തിൽ ഗൗതം കാർത്തിക്ക് എത്തും.