മംമ്തയും ആസിഫും വീണ്ടും; മഹേഷും മാരുതിയും പ്രദർശനത്തിനൊരുങ്ങുന്നു
Thursday, February 2, 2023 11:07 AM IST
സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രം ഫെബ്രുവരി 17ന് തിയറ്ററുകളിലെത്തും.
എൺപതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആസിഫ് അലിയും മംമ്ത മോഹൻദാസുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.
മണിയൻപിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്ണപ്രസാദ്, മനുരാജ്, ദിവ്യ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
മണിയൻപിള്ള രാജു പ്രൊഡക്ഷൻസും വി.എസ്.എൽ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു. ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജിത്തു ജോഷി എഡിറ്റിംഗും നിർവഹിക്കുന്നു.