മഹേഷ് ബാബുവിന്റെ മാതാവ് അന്തരിച്ചു
Wednesday, September 28, 2022 10:52 AM IST
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ മാതാവ് ഗട്ടമനേനി ഇന്ദിര ദേവി(70) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നിന് ഹൈദരാബാദിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്.
പ്രായത്തിന്റെ അവശതകൾ അലട്ടിയിരുന്ന ഇന്ദിരയെ ആഴ്ചകൾക്ക് മുന്പ് ഹൈദരാബാദ് എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വെന്റിലേറ്റർ സഹായം തേടിയ ഇന്ദിരയെ പിന്നീട് വസതിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ദിരയുടെ ഭൗതികശരീരം ഗട്ടമനേനി കുടുംബം സ്ഥാപിച്ച പത്മാലയ സ്റ്റുഡിയോയിൽ രാവിലെ ഒന്പത് മുതൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ജൂബിലി ഹിൽസിലെ മഹാപ്രസ്ഥാനത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തും.
തെലുങ്ക് സൂപ്പർതാരമായ കൃഷ്ണയുടെ പത്നിയായ ഇന്ദിര എക്കാലവും മാധ്യമങ്ങളിൽ നിന്ന് അകന്നുനിന്നിരുന്ന വ്യക്തിയാണ്. 1960-70 കാലഘട്ടത്തിൽ എൻടിആറിനും എഎൻആറിനും ശേഷം തെലുങ്ക് സിനിമയിൽ ഏറ്റവും പ്രബലനായ താരമായിരുന്ന കൃഷ്ണയുടെ വളർച്ചയിൽ ഇന്ദിര എക്കാലവും നിശബ്ദ പിന്തുണ നൽകിയിരുന്നു.

സൂപ്പർ താരം മഹേഷ് ബാബുവിനെ കൂടാതെ മാസങ്ങൾക്ക് മുന്പ് അന്തരിച്ച രമേഷ് ബാബു, പദ്മാവതി, പ്രിയദർശിനി, ചലച്ചിത്ര താരം മഞ്ജുള എന്നിവർ മക്കളാണ്. മഞ്ജുള സമ്മർ ഇൻ ബെത്ലഹേം അടക്കമുള്ള ചിത്രങ്ങളിൽ അഭിനയിച്ച താരമാണ്.