നോട്ട് ഫോർ സെയിൽ; സംഗീത ആൽബം ശ്രദ്ധേയമാകുന്നു
Tuesday, May 24, 2022 4:41 PM IST
വിസ്മയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്നുള്ള കോടതിയുടെ നിർണായക വിധി സ്ത്രീ സമൂഹത്തിന് നൽകുന്നത് സ്വതന്ത്രയായി ജീവിക്കാനുള്ള ധൈര്യമാണ്. സ്വപ്നങ്ങളിലേക്ക് പറന്നുയരുന്നതിനും ആകാശത്തോളം വിശാലമായ ലോകത്ത് രാഞ്ജിയെപോലെ ജീവിക്കാനും അവൾക്ക് അവകാശമുണ്ട്.
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് ഇറങ്ങുന്പോൾ കണ്ണുകൾ കലങ്ങുന്നത് ഒരിക്കലും അവർ ഭർതൃഗൃഹം എങ്ങനെയാകുമെന്നോർത്തല്ല, പകരം തന്റെ സ്വന്തമായവരുടെ അടുത്തുനിന്നും അകന്നു പോകുന്നതിനാലാണ്. പിന്നീട് അവൾ സ്വന്തം വീട്ടുകാർക്ക് ഇടയ്ക്ക് മാത്രം കയറിവരുന്ന വിരുന്നുകാരിയാവുകയാണ്.
എന്നാൽ ജീവിതം ആഗ്രഹിച്ചതിന് വിപരീതമാവുകയാണെങ്കിലോ. താലിച്ചരട് കൊലക്കയറാകുന്പോൾ അതു വെട്ടിമാറ്റി ജീവനും ജീവിതവും തിരിച്ചുപിടിക്കാൻ കുടുംബം ഒപ്പമുണ്ടാകും എന്ന വാക്കാണ് ഓരോ പെൺകുട്ടികൾക്കും പകർന്നുകൊടുക്കേണ്ടത്.
വിസ്മയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ "വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്' എന്ന സന്ദേശമാണ് നോട്ട് ഫോർ സെയിൽ (KNOT FOR SALE ) എന്ന സംഗീത ആൽബം പറയുന്നത്. ഓണ്‍ റീലിസ് പ്രൊഡക്ഷൻസാണ് ആൽബത്തിന്റെ നിർമാണം. തിരക്കഥയും ഗാനരചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അനു കുരിശിങ്കലാണ്.
യൂ ട്യൂബ് വഴിയാണ് ആൽബം പ്രക്ഷകരിലേക്ക് എത്തുന്നത്. സംഗീത സംവിധാനവും ആലാപനവും രാകേഷ് കേശവനാണ്. ഛായാഗ്രഹണം ആദർശ് പ്രമോദ്. എഡിറ്റിംഗ് ജിബിൻ ആനന്ദ്. ഡിഐ ആൽവിൻ ടോമി അജ്ന റഷീദ്, സന്ദീപ് രമേശ്, സനൂപ് സുബ്രഹ്മണ്യൻ, ലത ശിവദാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.