പഠനത്തിനായി ലണ്ടനിലെത്തി പ്രാര്‍ഥന; ഹൃദ്യമായ യാത്രയയപ്പുമായി പൂര്‍ണിമയും ഇന്ദ്രജിത്തും
Thursday, September 29, 2022 10:00 AM IST
ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടനിലേക്ക് യാത്ര തിരിച്ച് ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതികളുടെ മകള്‍ പ്രാര്‍ഥന. സംഗീതത്തിലാണ് താരപുത്രി ഉപരിപഠനം നടത്തുന്നത്. ലണ്ടനിലെ ഗോള്‍ഡ്സ്മിത്ത് യൂണിവേഴ്സിറ്റിയിലാകും തുടര്‍പഠനം.
മകളെ യാത്രയാക്കുന്ന വീഡിയോ പൂര്‍ണിമ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വൈകാരികായ മുഹൂര്‍ത്തങ്ങളായിരുന്നു യാത്രയയപ്പില്‍ നടന്നത്. "ഇതാ രാപ്പാടി ഞങ്ങളുടെ കൂട്ടില്‍ നിന്നും പറന്നുയരുന്നു. അവളുടെ സംഗീത സ്വപ്നങ്ങളുടെ ലോകത്തേക്ക്'. വിമാനത്താവളത്തില്‍ യാത്രയാക്കുന്ന വീഡിയോക്കൊപ്പം പൂര്‍ണിമ കുറിച്ചു.
ലണ്ടനിലെത്തിയ പ്രാര്‍ഥനയെ അച്ഛന് ഇന്ദ്രജിത്ത് സ്വീകരിക്കുന്നതും ഏറെ ഹൃദ്യമായിരുന്നു. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലായിരുന്നു ഇന്ദ്രജിത്ത്. അതിനാല്‍ മകളെ വരവേല്‍ക്കാന്‍ താരം വിമാനത്താവളത്തിലെത്തിയിരുന്നു.
‘‘പാത്തു, ഇത് നിനക്ക് നിന്റെ സ്വപ്നങ്ങൾ പിന്തുടരാനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഘട്ടവുമാകട്ടെ! ഈ സമയങ്ങളിൽ നമ്മൾ ഒരുമിച്ചായതിൽ എനിക്ക് സന്തോഷവും നന്ദിയും ഉണ്ട്. നിനക്ക് എല്ലാ ആശംസകളും നേരുന്നു.. അച്ഛ എപ്പോഴും നിന്നെ ഓർത്ത് അഭിമാനിക്കും.. അമ്മയും നാച്ചുവും അച്ഛയും നിന്നെയും നിന്റെ പാട്ടുകളും വീട്ടിൽ മിസ്സ് ചെയ്യും.. ഉയരത്തിൽ പറക്കുക, ദൈവം അനുഗ്രഹിക്കട്ടെ..’’ - മകൾക്കൊപ്പം ലണ്ടനിലെ കോളജിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് കുറിച്ചു.
മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാർഥന പാടിയിട്ടുണ്ട്. ഹെലൻ സിനിമയിലെ ‘താരാപഥമാകേ’ എന്ന ഗാനത്തിന് സൈമ അവാർഡിൽ മലയാളത്തിൽനിന്നു മികച്ച ഗായികയ്ക്കുള്ള പുരസ്കാരം പ്രാർഥന സ്വന്തമാക്കിയിരുന്നു.