സിനിമ മേഖലയിൽ സ്ത്രീകൾക്ക് മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുതെന്നും കാസ്റ്റിംഗ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്കും സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി ഗോകുൽ സുരേഷ്. നിവിൻ പോളിക്കെതിരായ പീഡന ആരോപണം വ്യാജമെന്ന റിപ്പോർട്ടിൽ എന്താണ് പ്രതികരണം എന്ന ചോദ്യത്തിനായിരുന്നു ഗോകുലിന്റെ മറുപടി.
ഇത്തരം കാര്യങ്ങളൊക്കെ നൂറ് വർഷം മുന്നേ നടക്കുന്ന സംഭവമായിരിക്കാം. എന്നാൽ ഇവിടെ ഒരു ജെൻഡറിനു മാത്രമാണ് ഇതു ബാധിക്കപ്പെടുന്നതെന്നും പറയാൻ കഴിയില്ല. കാസ്റ്റിംഗ് കൗച്ചിനെ തടയുന്ന ഒരു നടനും സിനിമ നഷ്ടപ്പെടാം. അതിന് സമാനമായ അവസ്ഥയിലൂടെ ഞാനും പോയിട്ടുണ്ട്. എന്റെ തുടക്കകാലത്താണത്. അതൊന്നും ഇവിടെ ചർച്ച ചെയ്യാൻ താൽപര്യമില്ല.
കാസ്റ്റിംഗ് കൗച്ചിനു പ്രേരിപ്പിച്ച ആളെ ഞാൻ തന്നെ തക്കതായ രീതിയിൽ കൈകാര്യം ചെയ്തു. പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു. ഇങ്ങനത്തെ ദുഷ്പ്രവണത നടക്കുമ്പോൾ നടിമാർ മാത്രമല്ല നടന്മാരും ബാധിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഇതിനൊക്കെ രണ്ട് തലങ്ങളുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം. ഇതൊക്കെ സാധാരണ ആളുകള്‍ക്ക് എത്രത്തോളം മനസിലാകണം എന്നില്ല.
സോഷ്യൽ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങൾക്ക് മനസിലാകുന്നത്. അതുകൊണ്ട് തന്നെ സിനിമ മേഖലയോടുള്ള കാഴ്ചപ്പാടെല്ലാം പെട്ടെന്ന് തന്നെ മാറിമറിയാം. അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോൾ നിവിൻ ചേട്ടനെതിരായിട്ടൊരു ആരോപണം വരുന്നത്. അതിപ്പോൾ തെറ്റായ ആരോപണമാണെന്നൊക്കെ മനസിലായി വരുന്നു.
സ്ത്രീകൾ മാത്രമല്ല പുരുഷൻമാർ കൂടി ഇരകളാകുമെന്ന് ഇതിൽ നിന്ന് മനസിലാകും. ഒരു സ്റ്റേജ് ഉള്ളപ്പോഴാണ് ഈയൊരു വിഷയത്തെപ്പറ്റി പുറത്തുവന്നു സംസാരിക്കാൻ ആളുകൾ തയാറാകുന്നത്. ജെനുവിൻ കേസിൽ ഇരകൾക്കൊപ്പം തന്നെയാണ് നിൽക്കേണ്ടത്.
പക്ഷേ നിവിൻ ചേട്ടന്റെ കേസിലൊക്കെ വിഷമമുണ്ട്. അദ്ദേഹം നിരപരാധിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. കേസിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. ഞാനും ഒരു തവണ ഇരയായത് ആണ്. അതൊന്നും ചർച്ച ചെയ്യാൻ താൽപര്യമില്ല. ഇങ്ങനെ വിശ്വസിക്കാൻ പറ്റാത്തതും അല്ലെങ്കിൽ നമ്മൾ വിശ്വസിക്കാൻ താത്പര്യപ്പെടാത്തതുമായ കാര്യങ്ങൾ നടക്കുമ്പോൾ നമ്മുക്കൊരു അദ്ഭുതം തോന്നിയേക്കും. പോലീസും കോടതിയും പോലുള്ള സംവിധാനങ്ങളാണ് നമുക്ക് വ്യക്തത തരേണ്ടത്.
ഇരകളായിക്കൊണ്ടിരുന്നവർക്ക് അവരുടെ ജീവിതം തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ഒരു സംവിധാനമാണ് ഹേമ കമ്മിറ്റി. അല്ലാത്തപക്ഷം ഈ സാഹചര്യത്തെ ചൂഷണം ചെയ്തുവന്ന് വ്യാജ ആരോപണം ഉന്നയിക്കുന്നവരുമുണ്ട്. അതൊക്കെ ഇൻഡസ്ട്രിയെ മോശമായാകും ബാധിക്കുക. കോടികളുടെ ബിസിനസ് നടക്കുന്ന മേഖലയാണിത്. കുറച്ചുപേരുടെ ദുഷ്പ്രവൃത്തികൾ കാരണം നല്ലൊരു ഇൻഡസ്ട്രിയെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണയതയല്ല.
മലയാളത്തിൽ മാത്രമല്ല മറ്റ് ഇൻഡസ്ട്രീസിലും പത്തോ നൂറോ മടങ്ങ് ഇരട്ടിയാണ് നടക്കുന്നത്. മറ്റേത് മേഖലയിലും ഇതൊക്കെ നടക്കുന്നുണ്ട്. എന്താ മനുഷ്യർ ഇങ്ങനെയെന്ന് നമ്മൾ ആലോചിക്കാറില്ലേ? കഴിവതും നല്ല രീതിയിൽ ജീവിക്കാൻ നോക്കിയാൽ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. അല്ലെങ്കില്‍ ഇത്തരം ആരോപണങ്ങൾ ഇനിയും വരും.
‘അമ്മ’യിൽ ഈ അടുത്താണ് ഞാൻ അംഗത്വം നേടുന്നത്. ‘അമ്മ’യുടെ ഒരു കുഞ്ഞാണെന്നു പറയാം. ലാൽ സാറിന്റെയോ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെയോ പ്രവൃത്തിയെ വിലയിരുത്തേണ്ട ആൾ ഞാനായിട്ടില്ല. അവർ നേതൃത്വം വഹിക്കുന്ന ഒരു സംഘടനയിലെ ആളുകൾക്ക് ഇങ്ങനെയൊരു മോശം അനുഭവം വന്നുവെന്ന് സ്വയമേ അറിഞ്ഞപ്പോൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് തിരിച്ചറിഞ്ഞ് സ്വയം മാറിയതാണ്.
അതിനെ നല്ല രീതിയില്‍ കാണാം. അതിനൊപ്പം തന്നെ ഇതിനെയൊക്കെ ഉത്തരവാദിത്തോടെ കാണേണ്ട, ഉത്തരം പറയേണ്ട ഒരു നേതാവ് അവിടെ ഉണ്ടാകില്ല. അവരും മനുഷ്യരാണ്. ലാൽ സർ ആയാലും മമ്മൂട്ടി സർ ആയാലും സിദ്ദിഖ് സർ ആയാലും അവരൊക്കെയാണ് ഞാനൊക്കെ നിന്ന് അഭിനയിക്കുന്ന ഈ ഇൻഡസ്ട്രി ഇത്രയുമാക്കിയത്. ആ ആദരവ് മാറ്റി നിർത്തി സംസാരിക്കാൻ സാധിക്കില്ല. ഗോകുൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.