സന്തോഷത്താൽ മതിമറന്നു ഞാൻ; മകളുടെ നേട്ടത്തിൽ ആശ ശരത്
Wednesday, February 1, 2023 1:37 PM IST
മകൾ ഉത്തര ശരത് ബിരുദാനന്തര ബിരുദം നേടിയ സന്തോഷം പങ്കുവച്ച് നടിയും നൃത്തകിയുമായ ആശ ശരത്. യുകെയിലെ വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ മകളെ അഭിനന്ദിച്ചുകൊണ്ടുള്ള ചിത്രം നടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
താരത്തിന്റെ മൂത്ത മകൾ ഉത്തരയാണ് ബിസിനസ് അനലിറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയത്. എഞ്ചീനിയറിംഗിൽ ബിരുദം നേടിയ ശേഷമാണ് ബിസിനസ്സ് അനലറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കുന്നത്.
എന്റെ കൊച്ചു പങ്കു യുകെയിലെ വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയതു കണ്ടപ്പോൾ ഞാൻ സന്തോഷത്താൽ മതിമറന്നു. എപ്പോഴും ഓർക്കുക, നീ വിശ്വസിക്കുന്നതിലും ധീരയും ശക്തയും മിടുക്കിയുമാണ്. നീ അറിയുന്നതിലും കൂടുതൽ സ്നേഹിക്കപ്പെടുന്നവളുമാണെന്ന് ഓർക്കുക. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. ആശ ശരത് കുറിച്ചു.
മനോജ് കാനയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും ഉത്തര അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. മുംബൈ മലയാളി ആദിത്യയാണ് വരൻ. മാർച്ച് 18നാണ് ഇരുവരുടെയും വിവാഹം.
ആശ ശരത്തിന് രണ്ടു പെൺമക്കളാണ്. ഇളയമകൾ കീർത്തന. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം നേടിയിരിക്കുന്നത്.