നടന്‍ ധീരജ് ഡെന്നി വിവാഹിതനായി. ആന്‍മരിയ ബി മേച്ചേരില്‍ ആണ് വധു. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിട്ടത്. എട്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. നടന്‍മാരായ ടോവിനോ തോമസ്, നിവിന്‍ പോളി എന്നിവര്‍ താരത്തിന്‍റെ കസിന്‍ സഹോദരന്‍മാരാണ്.

"വൈ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ യുവതാരം കല്‍ക്കി, മൈക്കിള്‍ കോഫി ഹൗസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. യുവസംവിധായകൻ ശരത് ജി. മോഹന്‍ ഒരുക്കിയ "കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്' എന്ന ചിത്രത്തിൽ നായകനായി തിളങ്ങിയ ധീരജ് മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്.



ശനിയാഴ്ച ആലുവ സെന്‍റ് ഡോമിനിക് പള്ളിയിലായിരുന്നു വിവാഹം. ശേഷം ആലുവ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന വിരുന്നില്‍ ടോവിനോ തോമസ് കുടുംബസമേതം പങ്കെടുത്തു. നിവിന്‍ പോളിയുടെ ഭാര്യ റിന്നയും ചടങ്ങിലെത്തിയിരുന്നു. ധീരജിന്‍റെ പിതൃസഹോദരന്‍റെ മകനാണ് നിവിന്‍ പോളി. ടോവിനോ തോമസ് ധീരജിന്‍റെ മാതൃസഹോദരന്‍റെ മകനുമാണ്.



"എട്ട് വര്‍ഷം മുമ്പാണ് അവളെ പരിചയപ്പെടുന്നത്. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. സൗഹൃദം പിന്നീട് പ്രണയമായി. ഒരുപാട് ഉയര്‍ച്ച താഴ്ചകളിലൂടെ ഈ സമയങ്ങളിൽ ഞങ്ങൾ കടന്നുപോയി.

ഇതൊരു സാധാരണ വിവാഹമായിരുന്നില്ല. എന്‍റെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും ഇത് സാധ്യമാക്കി. എല്ലാവർക്കും നന്ദി'- ധീരജ് കുറിച്ചു.