പലരും വരുന്നുണ്ട്... പക്ഷേ ഒന്നും ശരിയാകുന്നില്ല!
Thursday, May 19, 2022 4:34 PM IST
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് സാമന്ത ഇപ്പോൾ. ഫാമിലി മാൻ 2വിലെ പ്രകടനത്തിന് ശേഷമാണ് സാമന്തയെ ബോളിവുഡ് ശ്രദ്ധിച്ച് തുടങ്ങിയത്. നിരവധി അവസരങ്ങൾ സാമന്തയ്ക്ക് ബോളിവുഡിൽ നിന്നു ലഭിക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ യാഥാർഥ്യമായിട്ടില്ല.

നടി തപ്സി പന്നുവിന്‍റെ പ്രൊഡക്ഷൻ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ത്രില്ലറായി ഒരുക്കുന്ന സിനിമയിൽ സ്ത്രീ കേന്ദ്രീകൃതമായാണ് സിനിമ സഞ്ചരിക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ പിന്നീട് ആ സിനിമയെക്കുറിച്ച് പിന്നീടൊന്നും പറഞ്ഞു കേട്ടില്ല. അടുത്തിടെ താപ്സി പന്നുവിന്‍റെ പ്രൊഡക്ഷൻ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്‍റെ ബാനറിൽ രണ്ട് ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതിലൊന്നും സാമന്തയുടെ പേരുണ്ടായിരുന്നില്ല.

അതേസമയം നിരവധി പേർ തിരക്കഥകളുമായി സാമന്തയെ സമീപിക്കുന്നുണ്ടെന്നും പക്ഷെ ഒന്നിലും തൃപ്തി വരാത്തതിനാലാണ് സാമന്ത സിനിമകൾ ചെയ്യാത്തതെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഹിന്ദി സിനിമകളിൽ ആവശ്യമായിട്ടുള്ള ബിക്കിനി സീൻസിലും ഓൺസ്ക്രീൻ ചുംബന രംഗങ്ങൾക്കും സാമന്ത തയാറാണെന്നും എന്നാൽ അത്രത്തോളം മനോഹരമായ കഥയുമായി ആരും സമീപിക്കാത്തതാണ് താരത്തിന്‍റെ ബോളിവുഡ് സിനിമകൾ സംഭവിക്കാത്തതിന് പിന്നിലെ കാരണമെന്നും റിപ്പോർട്ടുണ്ട്.

വിജയ് സേതുപതി, നയൻതാര എന്നിവർക്കൊപ്പം സാമന്തയും കേന്ദ്രകഥാപാത്രമായി എത്തിയ കാത്ത് വാക്കിലെ രണ്ട് കാതലാണ് താരത്തിന്‍റേതായി ഏറ്റവും അവസാനം റിലീസ് ചെയ്തത്. വിഘ്നേഷ് ശിവനാണ് സിനിമ സംവിധാനം ചെയ്തത്. യശോദയാണ് ഇനി റിലീസിനെത്താനുള്ള സാമന്തയുടെ മറ്റൊരു സിനിമ. കൂടാതെ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം സാമന്ത അഭിനയിക്കുന്ന ഖുഷിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.