റാഫി: വേർപാടിന്റെ 40 വർഷം
Friday, July 31, 2020 2:08 PM IST
1980 ജൂലൈ 31 നാണ് അത് സംഭവിക്കുന്നത്. ലോകം ഞെട്ടിയ വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ വേർപാട്. അന്ന് പ്രായം വെറും 55. ആ ശബ്ദം നിലച്ചിട്ട് ഇന്ന് 40 ആണ്ടു പിന്നിടുമ്പോൾ അതൊരു പെരുന്നാൾ ദിനത്തിൽ കടന്നു വരുന്നു എന്നത് ശ്രദ്ധേയം തന്നെ.
റഫി സ്മരണകൾ ഇന്നും നക്ഷത്രങ്ങളായി വർത്തമാനകാലത്തും അതിജീവിച്ചു തിളങ്ങുകയാണ്. അത് ഒരു ജനപ്രിയ പാട്ടുകാരവിന്റെ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വത്തിന് തെളിവാണ്. ഏതു പാട്ടും അതിന്റെ ആത്മാവ് ചോരാതെ സംഗീത പ്രേമികളിൽ എത്തിയ ആയിരകണക്കിന് ഗാനങ്ങൾ.
അതിനൊപ്പം ക്ലാസ്സിക്, ഗസൽ, ഭജൻസുമായി കലാതീദമായ സ്വര ശോഭയുടെ മാറ്റു കൂട്ടുന്ന "ക്ലാസിക്കുകൾ'വേറെയും. ഇതിനൊക്കെ മികവേകാൻ തുണയായത് ഉർദു ഭാഷയിൽ ഉള്ള അപാര കഴിവ് തന്നെ ആയിരുന്നു.
1924ൽ അമൃതസറിൽ ജനിച്ച റാഫിയുടെ സംഗീത ജീവിതം മാറി മറിയുന്നത് ബോംബെ ജീവിതത്തോടെയാണ്. ബോളിവുഡ് സിനിമക്ക് റാഫി പാട്ടുകൾ ഒരു അനിവാര്യ ഘടകമായി മാറുന്ന സുവർണകാലഘട്ടം കൂടിയായിരുന്നു അത്. പിന്നെ ബഹുമതികളും അംഗീകാരങ്ങളും വാരികൂട്ടി റാഫി.
കലയുടെ, സംഗീതത്തിന്റെ അർത്ഥ കല്പനകളെ, ധർമ്മ മൂല്യങ്ങളെ എന്നും ഉയർത്തിപിടിച്ച റാഫി ജീവിതം ഇന്ന് അക്കാദമിക് പഠനത്തിന്റെ ഭാഗമാകുന്നു എന്നതാണ് റാഫി ജീവിത വിജയം.
പ്രേംടി. നാഥ്