കൺമണിയുടെ മുഖം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര; ഹൃദയം നിറച്ച് കുഞ്ഞു മാൾട്ടി; വീഡിയോ
Tuesday, January 31, 2023 10:06 AM IST
മകൾ മാൾട്ടി മേരിയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജോനാസും. നിക്കിന്റെയും സഹോദരന്മാരുടെയും മ്യൂസിക് ബാൻഡ് ആയ ജൊനാസ് ബ്രദേഴ്സിന്റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനാണ് അമ്മയ്ക്കൊപ്പം മാൾട്ടി എത്തിയത്.
2022 ജനുവരിയിലായിരുന്നു മാൾട്ടിയുടെ ജനനം. ഒരു വയസുവരെ കുഞ്ഞിന്റെ മുഖം മറച്ചായിരുന്നു പ്രിയങ്കയും നിക്കും ചിത്രങ്ങൾ പങ്കുവച്ചിരുന്നത്. ആദ്യമായി കുഞ്ഞിന്റെ മുഖം പങ്കുവച്ചത് ആരാധകർ ഏറെ സ്നേഹത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

അമ്മയുടെ സുരക്ഷിതമായ കൈകളിൽ ചിരിച്ചും കളിച്ചും ഇരുന്ന മാൾട്ടിയായിരുന്നു ഏവരുടെയും ശ്രദ്ധ കേന്ദ്രം. നിക്കിന്റെ സഹോദരൻമാരായ ജോയുടെയും കെവിന്റെയും ഭാര്യമാർക്കൊപ്പമായിരുന്നു പ്രിയങ്ക മകൾക്കൊപ്പം ഇരുന്നത്.
കുഞ്ഞിന്റെ മനോഹരമായ വീഡിയോയും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. നിക് ജൊനാസിന്റെ അതേ മുഖസാദൃശ്യമാണ് മകള്‍ക്കെന്ന് ആരാധകരിൽ പലരും കുറിച്ചിട്ടുണ്ട്.
2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്.