പ്രഭാസ് മകനാണെന്ന് അനുഷ്ക
Saturday, March 21, 2020 10:29 AM IST
അനുഷ്ക ഷെട്ടിയും പ്രഭാസും തമ്മിലുള്ള പ്രണയ ഗോസിപ്പുകളുടെ കഥ തുടങ്ങിയിട്ട് നാളു കുറച്ചായി. ഞങ്ങൾ സുഹൃത്തുക്കളാണെന്ന് പ്രഭാസും അനുഷ്കയും എത്ര പറഞ്ഞിട്ടും പാപ്പരാസികൾക്ക് അടങ്ങിയിരിക്കാൻ ഭാവമില്ലായിരുന്നു. എന്നിട്ടും ആ പ്രണയകഥ പ്രചരിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് പ്രഭാസിന് കല്യാണാലോചന നടക്കുകയും അനുഷ്കയല്ല പെണ്ണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഈ അടുത്ത് അനുഷ്കയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ഗോസിപ്പ് പരന്നെങ്കിലും അപ്പോൾ തന്നെ നടി അതിന്റെ മുനയൊടിച്ചു.
വീണ്ടും പ്രഭാസുമായുള്ള പ്രണയം കുത്തിപ്പൊക്കാനിരിക്കെ ഇതാ പുതിയൊരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് അനുഷ്ക. പ്രഭാസ് തനിക്ക് മകനാണെന്നാണ് നടി പറയുന്നത്. പുതിയ ചിത്രമായ നിശബ്ദത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ടിവി ചാലനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുഷ്ക.
സാഹോ എന്ന ചിത്രത്തിലെ പ്രഭാസിന്റെ ഒരു ഫോട്ടോ കാണിച്ച് ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും നല്ലത് പറയാൻ അവതാരക ആവശ്യപ്പെട്ടപ്പോഴാണ് അനുഷ്കയുടെ ഞെട്ടിക്കുന്ന പ്രതികരണം. ’’എന്റെ മകനെ കുറിച്ചാണോ ഞാൻ പറയേണ്ടത്’’ എന്നായിരുന്നു അനുഷ്കയുടെ മറുചോദ്യം. അവതാരകയും ഒന്ന് ഞെട്ടിയെങ്കിലും ’’അതെ നിങ്ങളുടെ മകനെ കുറിച്ച് തന്നെ’’ എന്ന് പറഞ്ഞപ്പോൾ ’’അവൻ ജനങ്ങളെ ഒരുപാട് സ്നേഹിക്കുന്നു’’ എന്നായിരുന്നു അനുഷ്കയുടെ പ്രതികരണം.
പല കാര്യത്തിലും പ്രഭാസുമായി സാമ്യമുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ, ’’കാരണം അവൻ എന്റെ മകനാണെന്ന്’’ അനുഷ്ക ആവർത്തിച്ചു. മകനെ കുറിച്ച് വേണ്ട, ഇനി അമരേന്ദ്ര ബാഹുബലിയെ കുറിച്ച് പറയൂ എന്നായി അവതാരിക. എന്നിട്ടും അനുഷ്ക വിടാൻ ഭാവമില്ല. ’’എന്റെ മകന് അമരേന്ദ്ര ബാഹുബലിയുടെ ഗുണങ്ങൾ കിട്ടി, ശരിയല്ലേ’’ എന്ന് അനുഷ്ക തിരിച്ചു ചോദിച്ചു.