നന്മയുടെ വിജയം- പന്ത്രണ്ട്
Sunday, June 26, 2022 12:18 PM IST
ഈ ലോകം എക്കാലവും സാക്ഷിയായിട്ടുള്ള സമരം നന്മയും തിന്മയും തമ്മിലുള്ളതാണ്. പല രൂപഭാവങ്ങളിലും തലങ്ങളിലും ഓരോ നിമിഷവും ഓരോരുത്തർക്കും അത് തിരിച്ചറിയാൻ കഴിയും. തനിക്ക് ഉള്ളിലും പുറത്തും ഒരാൾക്ക് ആ യുദ്ധം ദർശിക്കാൻ കഴിയും.

ചരിത്രത്തിലും ആനുകാലിക സംഭവങ്ങളിലും നിറഞ്ഞുനിൽക്കുന്നതും ഓരോ വ്യക്തിയെയും മുന്നോട്ടു നയിക്കുന്നതും വളർത്തുന്നതും തളർത്തുന്നതും ഈ മല്പിടുത്തമാണ്. താത്വികമായും ഉപരിപ്ലവമായും വിവിധ കലാ സാഹിത്യ രംഗങ്ങളിൽ ഈ അവസാനിക്കാത്ത മത്സരം പരാമർശവിഷയമായിക്കൊണ്ടേയിരിക്കുന്നുണ്ട്.

സിനിമകളാണ് ഏറ്റവും വലിയ ഉദാഹരണം, ഫൈറ്റുകളില്ലാത്ത ചലച്ചിത്രങ്ങൾ വളരെ വിരളമാണല്ലോ. എന്നാൽ, ഇത്തരം മല്പിടുത്തങ്ങൾ ആസ്വാദനത്തിനും ആവേശത്തിനും മാത്രം ഉപയോഗിക്കുന്ന ഒട്ടേറെ സിനിമകൾക്കിടയിൽ വ്യത്യസ്തമാവുകയാണ് പന്ത്രണ്ട് എന്ന സിനിമ.



പന്ത്രണ്ട് എന്ന സംഖ്യയ്ക്ക് കുറെയേറെ പ്രത്യേകതകളുണ്ട്. ഒരർത്ഥത്തിൽ അതൊരു പൂർണസംഖ്യയാണ്. പന്ത്രണ്ട് മാസങ്ങൾ, പന്ത്രണ്ട് ഗോത്രങ്ങൾ, പന്ത്രണ്ട് ശിഷ്യന്മാർ, പന്ത്രണ്ട് രാശികൾ എന്നിങ്ങനെ പന്ത്രണ്ടിൽ പൂർണമാക്കപ്പെടുന്ന ചില ആശയങ്ങളുണ്ട്. എല്ലാം ഉൾക്കൊള്ളുന്നു എന്ന അർഥത്തിൽ ചിന്തിച്ചാൽ, പന്ത്രണ്ട് മനുഷ്യപ്രകൃതിയുടെ തന്നെ പൂർണതയാണ്.

ഏതൊരു മനുഷ്യന്‍റെയും ഉള്ളിൽത്തന്നെയും വെളിയിലേക്കുള്ള കാഴ്ചയിലും കണ്ടെത്താൻ കഴിയുന്ന എല്ലാം അതിൽ കണ്ടെത്താൻ കഴിയും. ബൈബിൾ ഭാഷ്യം അനുസരിച്ച്, സ്നേഹിച്ചവനും തള്ളിപ്പറഞ്ഞവനും സംശയിച്ചവനും ഒറ്റിക്കൊടുത്തവനും സാധാരണക്കാരനും ധനികനും എല്ലാം പന്ത്രണ്ടിൽ ഉൾപ്പെടും. ആ സമഗ്രതയുടെ പക്ഷത്തുനിന്ന് ചിന്തിച്ചാൽ ലിയോ തദേവൂസിന്‍റെ പന്ത്രണ്ട് എന്ന സിനിമയ്ക്ക് ഒട്ടേറെ അർഥതലങ്ങളുണ്ട്.



കഥാപാത്രങ്ങളുടെ സമ്പന്നത

സുവിശേഷത്തിന്‍റെ പുനരാഖ്യാനം എന്നവിധത്തിൽ പന്ത്രണ്ട് എന്ന സിനിമ വിശദീകരിക്കപ്പെടുമ്പോഴും, അൽപ്പം വ്യത്യസ്തമായ മറ്റൊരു രീതിയിലുള്ള വായനയാണ് കൂടുതൽ യുക്തം എന്ന് കരുതുന്നു. തികച്ചും പച്ചയായ ജീവിതങ്ങളാണ് സുവിശേഷത്തിൽ ഉടനീളം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

ശിഷ്യത്വത്തിന്‍റെ വിവിധ രൂപഭാവങ്ങൾക്കുമപ്പുറം പ്രലോഭകനും പ്രലോഭിതനും, അധികാരികളും അടിച്ചമർത്തപ്പെട്ടവരും, രക്തദാഹികളും കലാപകാരികളും തുടങ്ങി ഒട്ടേറെ മുഖങ്ങൾ അവിടെ കാണാം. അവ ഓരോന്നും കാലാതീതമായ ബിംബങ്ങളാണ്. ആ മുഖങ്ങളുടെ പ്രതിഫലനങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് ചുറ്റും തിരിച്ചറിയാമെന്നതിന്‍റെ അടിസ്ഥാനത്തിലുള്ള ആനുകാലിക അവതരണമാണ് ഈ ചലച്ചിത്രം.



ചരിത്രത്തിന് ആവർത്തന സ്വഭാവമുണ്ട് എന്ന് രചയിതാവ് കൂടിയായ സംവിധായകൻ അടിവരയിട്ട് പറഞ്ഞുവയ്ക്കുന്നു. അതോടൊപ്പം, ആ ആവർത്തനം തിന്മയുടെയല്ല, നന്മയുടെ ആത്യന്തികമായ വിജയത്തിലേക്കാണ് ലോകത്തെ നയിക്കുക സ്ഥാപിക്കുന്നിടത്താണ് സിനിമയുടെ വിജയം.

ഇന്നത്തെ ലോകത്തിൽ നാം നേരിട്ടും മാധ്യമങ്ങളിലൂടെയും കണ്ടുകൊണ്ടിരിക്കുന്ന യഥാർത്ഥ ജീവിതങ്ങളല്ലാത്ത മറ്റൊന്നും ഈ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നില്ല. വഴിതെറ്റി സഞ്ചരിക്കുന്നവരും, വഴി തെറ്റിക്കാൻ ശ്രമിക്കുന്നവരും, ഒന്നിനും മടിക്കാത്തവരും, മനഃസാക്ഷിക്ക് ചെവികൊടുക്കാത്തവരും, ശരീരവും അഭിമാനവും വിറ്റ് ജീവിക്കുന്നവരും, ആദർശങ്ങളുടെയും നന്മയുടെയും പ്രതിരൂപങ്ങളും തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളാൽ സമ്പന്നമാണ് ഈ സിനിമ.



എന്നാൽ, യഥാർത്ഥ ജീവിതത്തിൽ പലപ്പോഴും കണ്ടുമുട്ടാൻ കഴിയാതെ പോകുന്ന ഒന്നാണ് അതിലെ കേന്ദ്ര കഥാപാത്രം എന്നുമാത്രം. ആ കഥാപാത്രമാണ് ഈ സിനിമയുടെ സന്ദേശവാഹകൻ. ചതികളിലും കെണികളിലും കയങ്ങളിലും പെട്ട് ജീവിതം കൈവിട്ടുപോയെന്ന് കരുതുന്ന വേളകളിൽ നീണ്ടുവരുന്ന ഒരു കരമാണ് അത്.

ആ കരത്തിന്‍റെ നിറവും രൂപവും ഭാവവും എന്തുതന്നെയായാലും അതിനുണ്ടാവുക ക്രിസ്തുവിന്‍റെ പ്രതിച്ഛായയായിരിക്കും എന്ന് നിശ്ചയം. മാത്രമല്ല, നന്മയുടെ സന്ദേശവാഹകനുമായുള്ള ഒരു എൻകൗണ്ടർ, അത് എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്നും ചലച്ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. ആ സന്നദ്ധതയാണ് എല്ലായ്പ്പോഴും മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത്.



പന്ത്രണ്ടിന്‍റെ കാലിക പ്രസക്തി

ഈ ലോകം എങ്ങോട്ടാണ് പോകുന്നതെന്ന് പലപ്പോഴും മുഖത്തോടുമുഖം ചോദിക്കുന്നവരാണ് നമ്മിൽ ഏറെയും. പരിഹാരമില്ലാത്ത അഥവാ, പരിഹാരമില്ലെന്ന് ധരിക്കുന്ന പ്രശ്നങ്ങളെയാണ് പലപ്പോഴും നാം കണ്ടുകൊണ്ടിരിക്കുന്നത്. സിനിമകൾ പലപ്പോഴും ത്രില്ലറുകളും എന്‍റർടെയ്നറുകളുമായി മാറുന്നത് അമാനുഷികവും അസാധ്യവുമായ പ്രകടനങ്ങൾ കാഴ്ചവച്ച് കാണികളെ ഹരം കൊള്ളിക്കുന്ന നായക കഥാപാത്രങ്ങളിലൂടെയാണ്.

ഇവിടെ നായകൻ തികച്ചും വ്യത്യസ്തനാണ്. ശാന്തശീലം കൊണ്ടും, പുഞ്ചിരികൊണ്ടും, നോട്ടം കൊണ്ടും ഹൃദയങ്ങളെ കീഴടക്കാൻ കഴിയുന്ന ഒരു നായക സങ്കൽപ്പമാണത്. ആക്രമിച്ചും കൊലപ്പെടുത്തിയതും തോൽപ്പിക്കുന്ന സാധാരണ ശൈലിക്കപ്പുറം വ്യത്യസ്തവും സുസ്ഥിരവുമായ ഒരു ശൈലി. സ്നേഹംകൊണ്ട് ലോകത്തെ കീഴടക്കാമെന്ന സന്ദേശം, അഥവാ, സ്നേഹംകൊണ്ടേ ലോകത്തെ കീഴടക്കാനാവൂ എന്ന സന്ദേശമാണ് ഈ ചലച്ചിത്രം നൽകുന്നത്. അതാണ് അതിന്‍റെ പ്രസക്തിയും.



മികവുറ്റ രചനയ്ക്കും സംവിധാനത്തിനും ശക്തി പകരുന്ന സ്വരൂപ് ശോഭ ശങ്കറിന്‍റെ ഛായാഗ്രഹണമാണ് പന്ത്രണ്ടിന്‍റെ മറ്റൊരു സവിശേഷത. കടലും കൊച്ചിയുടെ പശ്ചാത്തലവും മുക്കുവരുടെ ജീവിതവും കാണികളുടെ മനസ്സിൽ മായാതെ അവശേഷിക്കും. ദേവ് മോഹൻ, ഷൈൻ ടോം, വിനായകൻ, ലാൽ തുടങ്ങിയ നീണ്ട നിര കലാകാരന്മാരുടെ മത്സരിച്ചുള്ള അഭിനയം സിനിമയുടെ വിജയത്തിന്‍റെ പ്രധാന ഘടകമാണ്.

അൽഫോൻസ് ജോസഫിന്‍റെ സംഗീതവും, ജോസഫ് നെല്ലിക്കലിന്‍റെ കലാ സംവിധാനവും എടുത്തുപറയത്തക്കതാണ്. വ്യത്യസ്തവും വെല്ലുവിളികൾ നിറഞ്ഞതുമായ ഒരു പ്രമേയത്തെ ഏറ്റെടുക്കാൻ സംവിധായകൻ കാണിച്ച ധീരതയും ആത്മധൈര്യവും, ടീം വർക്കും പ്രത്യേക പ്രശംസയർഹിക്കുന്നു.

വിനോദ് നെല്ലയ്ക്കൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.