അഭിനയത്തിന്‍റെ എല്ലാമെല്ലാം...
Saturday, May 21, 2022 4:42 PM IST
എസ്. മഞ്ജുളാദേവി
സൂപ്പർതാരം മോഹൻലാൽ 62-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ആ അഭിനയ വൈവിധ്യത്തിലേക്ക് ഒരു മിഴി തുറക്കൽ...

ഗൂഗിളിൽ മോഹൻലാൽ എന്ന് ടൈപ്പ് ചെയ്യുന്പോൾ തെളിഞ്ഞുവരുന്ന വിവരങ്ങൾക്കൊപ്പം ജനം ചോദിക്കുന്ന ചില ചോദ്യങ്ങൾ കൂടി ചിലപ്പോൾ തെളിഞ്ഞുവരാറുണ്ട്. അതിൽ ഒന്ന് ഇതാണ്- Is mohanlal god of acting.

അഭിനയത്തിന്‍റെ ദൈവം അല്ലെങ്കിൽ ആത്യന്തിക സത്യം എന്നു പറയുവാൻ കഴിയുമോ എന്നറിയില്ല. എന്നാൽ ദൈവികമായ ഒരു സ്പർശം മോഹൻലാൽ എന്ന നടനിലുണ്ട്. ഭരതത്തിന്‍റെ ക്ലൈമാക്സ് രംഗത്ത് തന്‍റെ ഗുരു കൂടിയായ സഹോദരന്‍റെ ഭാര്യയുടെ അരികിലിരുന്ന് മോഹൻലാലിന്‍റെ കഥാപാത്രം ചോദിക്കുന്നുണ്ട്- ""ഏത് വേഷം കെട്ടണം, എന്ത് എന്ത് അഭിനയിക്കണം, നൊന്ത് പിടയുന്പോഴും കരഞ്ഞില്ല, ചിരിച്ചു. അണയാത്ത ചിതയിൽ ചവിട്ടിനിന്നുകൊണ്ട് പാടി....''



സഹോദരന്‍റെ (നെടുമുടി വേണു അഭിനയിച്ച രാമനാഥൻ എന്ന കഥാപാത്രം) മരണം പുറത്തറിയിച്ചാൽ സംസാരശേഷിയില്ലാത്ത അനിയത്തിയുടെ വിവാഹം മുടങ്ങും എന്നതിനാൽ തന്‍റെ എല്ലാമെല്ലാമായ ജേഷ്ഠന്‍റെ ചിതയെരിയുന്പോഴും വിവാഹാഘോഷം നടത്തേണ്ടി വരുന്ന ഒരനിയന്‍റെ നിസഹായതയും ധർമസങ്കടവും എന്താണെന്നറിയണമെങ്കിൽ ഭരതത്തിലെ മോഹൻലാലിന്‍റെ അഭിനയം തന്നെ കാണണം.

അടുത്തിടെ നമ്മളെ വിട്ടുപോയ തിരക്കഥാകൃത്ത് ജോൺപോൾ ഭരതത്തിലെ മോഹൻലാലിന്‍റെ അഭിനയത്തെ എരിഞ്ഞാട്ടം എന്നാണ് വിശേഷിപ്പിച്ചത്. ബോൺ ആക്ടർ എന്നും ജോൺ പോൾ അടയാളപ്പെടുത്തിയ മോഹൻലാലിനെക്കുറിച്ച് ജോൺപോൾ പറയുന്നത് ചില അഭിനേതാക്കൾ അഭിനേതാക്കളായി ജനിക്കുന്നു എന്നാണ്. മോഹൻലാലിന്‍റെ കഥാപാത്രപ്രവേശത്തിന് അദ്ദേഹം ചൂണ്ടിക്കാട്ടിയ ഉപമ ഗജവീരനായ ഗുരുവായൂർ കേശവന്‍റേതും. കേശവൻ ഗുരുവായൂരപ്പന്‍റെ ആനയാകുന്നത് ഭഗവാന്‍റെ തിടന്പേറ്റുന്പോഴാണ്.



ഷൂട്ടിംഗ് സെറ്റിൽ തമാശ പറഞ്ഞിരിക്കുന്ന ലാൽ സംവിധായകൻ ആക്ഷൻ പറയുന്പോൾ കഥാപാത്രമായി മാറുന്നു എന്ന് പറഞ്ഞിരുന്നു ജോൺ പോൾ. മോഹൻലാലിന്‍റെ ചില അഭിമുഖങ്ങളിൽ സ്വന്തം അഭിനയത്തെക്കുറിച്ച് സൂപ്പർ നായകൻ പറയുന്നതും ഇതുതന്നെ. ആക്ഷനും കട്ടിനും ഇടയിൽ മാത്രമാണ് താൻ കഥാപാത്രമാകുന്നത് എന്ന് തന്നെയാണ്.

ദേവാസുരത്തിലെ അസുരാംശമുള്ള ദേവനായ മംഗലശേരി നീലകണ്ഠനായി മാറി ""എന്താ വാര്യരേ ഞാൻ ഇങ്ങനെയായത് ''എന്ന് കുസൃതി ചിരിയോടെ ചോദിക്കുവാനും ""ഇതെന്‍റെ മരണമാണ് മംഗലശേരി നീലകണ്ഠന്‍റെ മരണം'' എന്ന് നെഞ്ചുപൊട്ടി വിതുന്പുവാനും മലയാളികളുടെ ലാലേട്ടന് നൊടിയിട മതി എന്നർഥം.



അണ്ടർ ആക്ടിംഗ്, സബ്ഡ്യൂഡ് ആക്ടിംഗ് എന്നൊക്കെ മോഹൻലാലിന്‍റെ ചില സിനിമകളിലെ അഭിനയത്തെ മുൻനിർത്തി പറയാറുണ്ട്. അഭിനയിക്കാതെ അഭിനയിക്കുക എന്നൊരു മാന്ത്രികതയും ലാലിനു മാത്രം സ്വന്തം. ഛായാമുഖി എന്ന പ്രശസ്ത നാടകത്തിന്‍റെ സംവിധായകൻ പ്രശാന്ത് നാരായൺ മോഹൻലാലിന്‍റെ ഭീമൻ വേഷത്തെക്കുറിച്ചു പറഞ്ഞത്- അണ്ടർ ആക്ടിംഗിന്‍റെ ഏറ്റവും ശക്തമായ സാക്ഷ്യം എന്നാണ്.

നാടകാഭിനയത്തിന്‍റെ സാധ്യതകൾ മോഹൻലാലിന്‍റെ ഭീമൻ പറയാതെ പറഞ്ഞു തരുന്നുണ്ട്. അതുപോലെ മറ്റൊരു മികവാണ് എല്ലാവരും പറയുന്ന മോഹൻലാലിന്‍റെ അഭിനയ റേഞ്ച്. പാപപ്രായശ്ചിത്തത്തിനായി ഏത് ഗംഗയിൽ കുളിക്കണം എന്നുള്ള ഭരതത്തിലെ ഗോപിയുടെ വാക്കുകളിൽ നിന്നും വന്ദനത്തിലെ ""എന്നോടു പറ ഐ ലവ് യൂ ''എന്നുള്ള പോലീസുദ്യോഗസ്ഥന്‍റെ വാക്കുകളിലേക്കെത്തുന്നതിനെ രണ്ടു ജന്മം എന്നുപോലും വിശേഷിപ്പിക്കാം.



ഭാര്യയുമായി മനസുകൊണ്ട് വേർപിരിഞ്ഞു ജീവിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ആയ ഭർത്താവിന്‍റെ ആത്മസംഘർഷം "പക്ഷേ'യിലെ ബാലചന്ദ്രൻ ആവാഹിക്കുകയല്ലേ. പലപ്പോഴും മൗനം കൊണ്ടും ഒരു മൂളൽ കൊണ്ടും സ്വന്തം നെഞ്ചിൽ അലയടിക്കുന്ന സങ്കടക്കടൽ ലാൽ അനുഭവിപ്പിക്കാറുണ്ട്. കിരീടത്തിലെ സേതുമാധവൻ ഉൾപ്പെടെ നിരവധി നിരവധി കഥാപാത്രങ്ങൾ ഉദാഹരണമാണ്.

ജോൺപോൾ പറയുന്നതു പോലെയും മറ്റു പല ചലച്ചിത്ര നിരൂപകന്മാർ കണ്ടെത്തുന്നതുപോലെയും അഭിനയ സിദ്ധാന്തങ്ങൾക്കൊന്നും അടയാളപ്പെടുത്താൻ കഴിയാത്തതാണ് ആ അഭിനയം. ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച അദൃശ്യമായൊരു അനുഗ്രഹത്തിന്‍റെ സ്പർശം തെളിയുന്നത്.



ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ എങ്ങനെയാണ് മോഹൻലാലിനു വൈവിധ്യ കഥാപാത്രങ്ങൾ ആകുവാൻ സാധിക്കുന്നത് എന്ന ഒരു ടിവി അവതാരകന്‍റെ ചോദ്യത്തിനു അദ്ദേഹം നൽകുന്ന മറുപടി - ""എനിക്കു യാതൊരു പരിചയവുമില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്പോൾ ഞാൻ മാറിനിന്നു പ്രാർഥിക്കാറുണ്ട്...പ്ലീസ് ഹെൽപ്പ് മി.''

അഭിനയത്തിന്‍റെ നിമിഷങ്ങളിൽ നടൻ പോലുമറിയാതെ ഉള്ളിൽ നിന്നും ഉണരുന്ന ഒരു ആന്തരിക ഊർജം, നടന്‍റെ സത്തയെ അഥവാ സ്വത്വത്തെ പോലും എരിച്ചു കളഞ്ഞുകൊണ്ട് കഥാപാത്രമായി മാറുന്നു എന്ന ജോൺ പോളിന്‍റെ വാക്കുകൾ ഇവിടെ ഒന്നു കൂടി ഓർമിക്കാം. പതിറ്റാണ്ടുകളായി പ്രേക്ഷകരെ ചിരിപ്പിച്ചും കരയിപ്പിച്ചും മോഹിപ്പിച്ചും മുന്നേറുന്ന മോഹൻലാൽ കഥാപാത്രങ്ങൾ ഒക്കെ ഇങ്ങനെ ജനിച്ചതാവണം.



ദൃശ്യം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് മോഹൻലാൽ ഉഴപ്പി അഭിനയിക്കുകയാണെന്ന് തോന്നിപ്പോയി എന്ന് സംവിധായകൻ ജിത്തു ജോസഫ് പറയുന്നുണ്ട്.സ്ക്രീനിൽ കാണുന്പോഴാണ് ഈ ഉഴപ്പൽ അഭിനയം എത്ര അനിവാര്യമായിരുന്നുവെന്ന് തിരിച്ചറിയുന്നതെന്നും പലരും പറയാറുണ്ട്.

ഏത് പ്രമേയത്തിന് എങ്ങനെയുള്ള ഭാവം പ്രകാശിപ്പിക്കണമെന്നത് പലപ്പോഴും അഭിനേതാവ് അറിയാതെ കടന്നുവരുന്നു എന്നുവേ‍ണം അനുമാനിക്കാൻ. അതുകൊണ്ടാവും ചില അഭിനേതാക്കളെ നമ്മൾ അനുഗൃഹീത നടന്മാർ എന്നും നടിമാർ എന്നും വിശേഷിപ്പിക്കുന്നത്.

രണ്ട് മണിക്കൂർ സമയം സംസ്കൃത ഭാഷയിൽ സംസാരിക്കുന്ന കർണഭാരം എന്ന കാവാലം നാടകത്തിൽ മോഹൻലാൽ അഭിനയിക്കുന്നത് സംസ്കൃതത്തിൽ വലിയ അറിവൊന്നും ഇല്ലാതെയാണ്. ചെറുപ്പത്തിൽ കഥകളിയോ ഭരതനാട്യമോ മറ്റു നൃത്ത ഇനങ്ങളോ ഒന്നും പരിശീലിക്കാതെ തന്നെയാണ് വാനപ്രസ്ഥത്തിലും കമലദളത്തിലും അഭിനയിച്ചത്.



മുന്പൊരു ടെലിവിഷൻ അഭിമുഖത്തിൽ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ കമലഹാസൻ ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതൽ ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച നല്ലൊരു നർത്തകനുമാത്രമേ സ്ക്രീനിലും മികച്ച രീതിയിൽ നിറഞ്ഞാടുവാൻ സാധിക്കൂ. എന്നാൽ ഇതിനൊരപവാദം മോഹൻലാൽ മാത്രമാണ് എന്നായിരുന്നു കമലഹാസന്‍റെ വാക്കുകൾ.

ഹിന്ദി സിനിമയിലെ ഇന്നലെയുടെ സൂപ്പർ താരം രാജേഷ് ഖന്നയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുള്ളത് ഷൂട്ടിംഗിനു മുന്പു തന്നെ കഥാപാത്രത്തിന്‍റെ മൂഡിലേക്കു അദ്ദേഹം പ്രവേശിക്കുമെന്നാണ്. ചിലപ്പോൾ ദേഷ്യം, പൊട്ടിത്തെറി അങ്ങനെയുള്ള വൈകാരികതയിലേക്ക് അദ്ദേഹം കടന്നിരിക്കും. എന്നാൽ അങ്ങനെയുള്ള മാനസികാവസ്ഥയൊരുക്കൽ മോഹൻലാലിനു തീരെയില്ല.



മോഹൻലാലിനു ജീവിതം ഒരു ആഘോഷം ആണ് അഭിനയവും അതെ. അമ്മ ശാന്തകുമാരിയോടുള്ള അഗാധമായ ഹൃദയ അടുപ്പം തുടങ്ങി മോഹൻലാൽ എന്ന വ്യക്തിയുടെ വൈകാരിക ലോകം, അനുഭവങ്ങൾ എന്നിവയെല്ലാം കഥാപാത്രങ്ങൾക്കു മികവു നൽകുന്നുണ്ടാവും. എങ്കിലും സംവിധായകൻ ആക്ഷൻ പറയുന്പോൾ ആണ് എന്നും ലാൽ മാജിക് തുടങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.