കിഷ്കിന്ധാ കാണ്ഡം തകർപ്പൻ ജയവുമായി മുന്നേറുന്പോൾ ഹൃദയത്തില്‍ തട്ടുന്ന കുറിപ്പുമായി തിരക്കഥാകൃത്ത് ബാഹുൽ രമേശ്. വിജയരാഘവനെ നേരിൽ കണ്ട് ഈ സിനിമയുടെ കഥ പറഞ്ഞ നിമിഷം ഓർത്തെടുക്കുകയാണ് ബാഹുൽ. കോട്ടയത്തെ വിജയരാഘവന്റെ വീട്ടിൽ നേരിട്ടെത്തിയാണ് സിനിമയുടെ കഥ പറഞ്ഞ് കേൾപ്പിച്ചത്. സംവിധായകൻ ദിൻജിത്തും അന്ന് ബാഹുലിനൊപ്പം ഉണ്ടായിരുന്നു.
കുട്ടേട്ടന്റെ വീട്. 23 ജൂലൈ, 2022...രണ്ടേ കാൽ കൊല്ലം മുൻപ്. ‘കിഷ്കിന്ധാ കാണ്ഡം’ സ്ക്രിപ്റ്റ് കുട്ടേട്ടനെ വായിച്ചു കേൾപ്പിച്ച ദിവസം. എല്ലാവരിലും സന്തോഷം. കുട്ടേട്ടൻ അന്ന് 'പൂക്കാലം' എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. അതിനു തൊട്ടു പിന്നാലെ തന്നെ 'അപ്പുപ്പിള്ള' എന്ന കഥാപാത്രവും വന്നപ്പോൾ സന്തോഷം ഇരട്ടിച്ചു. അദ്ദേഹത്തിന്റെ സന്തോഷം കണ്ടപ്പോൾ ഞങ്ങളുടേതും ഇരട്ടിച്ചു.
സന്തോഷം വന്നാൽ ആഘോഷിക്കണം. ആഘോഷിച്ചു. കുട്ടേട്ടന്റെ ഫാമിലിയും ഓളത്തിൽ ചേർന്നു. പിരിയാൻ നേരം സെൽഫി വേണമല്ലോ. ഞങ്ങളപ്പോൾ പുറത്ത് ഗേറ്റിനടുത്തായിരുന്നു. ആശയം പറഞ്ഞപ്പോൾ, ‘ഓ എടുക്കാലോ.. നമുക്കത് ഉള്ളില്‍ ഹാളിൽ വച്ച് എടുക്കാം’, എന്നു പറഞ്ഞ് കുട്ടേട്ടൻ ഞങ്ങളെയും കൂട്ടി വീണ്ടും വീടിനുള്ളിലേക്ക് നടന്നു. പുറത്ത് നല്ല വെളിച്ചമുണ്ടായിട്ടും എന്തിനാണ് ഉള്ളിൽ പോകാമെന്ന് പറഞ്ഞതെന്ന് ഞങ്ങൾക്ക് മനസിലായില്ല.
ലിവിംഗ് റൂമിലെത്തിയിട്ട് കുട്ടേട്ടൻ ഒരു നിശ്ചിത ബാക്ക്ഗ്രൗണ്ട് കിട്ടത്തക്ക രീതിയിൽ നിന്ന് ഞങ്ങളെ വിളിച്ചു. ‘ബാ.. ഇവിടുന്ന് എടുക്കാം.. അച്ഛനെയും കൂടി കൂട്ടാം നമുക്ക്..’
ചുവരിലെ എൻ.എൻ. പിള്ള സാറിന്റെ ഫോട്ടോ കൂടി ഉൾപ്പെടുത്തി ഫോട്ടോ എടുക്കാം എന്നായിരുന്നു പുള്ളി ഉദ്ദേശിച്ചത്. ഇപ്പോൾ രണ്ട് വർഷത്തിലധികമാകുന്നു.
കുട്ടേട്ടന്റെ പെർഫോമൻസിനെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റുകൾക്കും ട്രോളുകൾക്കും ഒപ്പം എൻ.എൻ. പിള്ള സാറിനെയും കൂടി പരാമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കാണുമ്പോൾ കൗതുകം നിറഞ്ഞൊരു സന്തോഷമാണ് ഉള്ളിൽ. ഒരു മാജിക്കൽ റിയലിസം വൈബ്! മകൻ ആഘോഷിക്കപ്പെടുന്നതിനൊപ്പം തന്നെ അച്ഛനും ആഘോഷിക്കപ്പെടുന്നു.
കുട്ടേട്ടനുമായുള്ള അടുപ്പവും അച്ഛനെക്കുറിച്ച് അദ്ദേഹം പങ്കുവച്ചിട്ടുള്ള ഓർമകളും വച്ച് കാൽപനികമായി പലതും എഴുതാൻ സ്കോപ്പുള്ള ഒരു അനുഭവമാണ് ഇത്. പക്ഷേ സന്തോഷത്തിലും ആവേശത്തിലും അങ്ങനെയൊരു ഫീലിൽ എഴുതാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല..
(ആ രീതിയിൽ എഴുതാൻ എനിക്ക് അറിയില്ല എന്നതും ഒരു കാരണമാണ്). അതുകൊണ്ടാണ് ഓർമകൾ ഇങ്ങനെ ലളിതമായി കുറിച്ചിടാമെന്ന് വച്ചത്. ഇനിയും സിമ്പിളാക്കി പറഞ്ഞാൽ - കുട്ടേട്ടനും ഞങ്ങളും വളരെ ഹാപ്പിയാണ്.. എവിടെയോ ഇരുന്നുകൊണ്ട് എൻ.എൻ. പിള്ളസാറും ഹാപ്പിയായിരിക്കുമെന്ന് മനസ് പറയുന്നു.ബാഹുൽ രമേശ് കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.