സംഗീതലോകത്തെ തലമുറകൾ ഒന്നിക്കുന്ന ഹെഡ്മാസ്റ്റർ...
Thursday, January 13, 2022 3:42 PM IST
ഏറെ പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തിൽ ഒരു പുതിയ സിനിമ ഒരുങ്ങുന്നു. ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമിക്കുന്ന ഹെഡ്മാസ്റ്ററിൽ മലയാള സിനിമാലോകത്തെ മൂന്നു തലമുറകൾ ഒത്തുചേരുന്നു. രാജിവ് നാഥ് സംവിധാനം നിർവഹിക്കുന്ന ഹെഡ്മാസ്റ്ററിന്റെ തിരക്കഥ രാജീവ് നാഥും കെ.ബി. വേണുവും ചേർന്നു നിർവഹിച്ചിരിക്കുന്നു.
75 വയസ് പിന്നിട്ടിട്ടും ഇന്നും ശബ്ദത്തിൽ ആർദ്ര പ്രണയത്തിന്റെ മധുരം സൂക്ഷിക്കുന്ന മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രൻ. തനതു നാടകങ്ങളുടെയും സംഗീതത്തിന്റെയും ആചാര്യൻ കാവാലം നാരായണപ്പണിക്കരുടെ മകൻ കാവാലം ശ്രീകുമാർ. പിന്നെ പുതിയ തലമുറയിലെ പുതുശബ്ദമായ നിത്യാ മാമ്മൻ.
കഴിഞ്ഞ തലമുറയിലെ അധ്യാപകരുടെ ദുരിതജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ഹെഡ്മാസ്റ്റർ. പ്രശസ്ത ചെറുകഥകൃത്ത് കാരൂരിന്റെ പ്രസിദ്ധ കഥയായ പൊതിച്ചോറിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ. പ്രശസ്ത കവി പ്രഭാവർമയുടെ വരികൾക്ക് കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്നു. കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്ന ആദ്യ സിനിമകൂടിയാണ് ഹെഡ്മാസ്റ്റർ.
പ്രവീൺ പണിക്കർ ഛായാഗ്രഹണവും ബീന പോൾ ചിത്രസംയോജനവും നിർവഹിക്കുന്നു. ജനുവരി 14 നു തിരുവനന്തപുരത്ത് ഹെഡ്മാസ്റ്ററിന്റെ ചിത്രീകരണം ആരംഭിക്കുന്നു.