എം.ജി. ശ്രീകുമാറും സുജാതയും വീണ്ടും; ഔസേപ്പച്ചന്റെ സംഗീതം; പാപ്പച്ചൻ ഒളിവിലാണ് ചിത്രത്തിലെ ഗാനം
Saturday, June 10, 2023 10:36 AM IST
പ്രണയഗാനത്തിന്റെ വശ്യത ഏറ്റവും മനോഹരമായി ആസ്വാദകഹൃദയത്തിലേക്ക് പകർത്തുന്ന ഗായകരാണ് എം.ജി. ശ്രീകുമാറും സുജാതയും. പ്രണയത്തിൽ അലിഞ്ഞുപോകുന്ന അവരുടെ സ്വരമാധുര്യം സംഗീത ആസ്വാദകർക്കെന്നും അത്രമേൽ പ്രിയമാണ്.
ഇപ്പോഴിതാ നാളുകൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് പാടിയ ഒരു ഗാനമാണ് ആസ്വാദകർ ഏറ്റെടുത്തിരിക്കുന്നത്. പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലെ മുത്തുക്കുട മാനം പന്തലൊരുക്കീലേ...മോഹപ്പെരുന്നാളായ് ആരും കാണാതിന്നെന്റെ നെഞ്ചില്...എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഒസേപ്പച്ചനാണ് ഈണമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പാപ്പച്ചനും ഭാര്യയും വർഷങ്ങൾക്കു മുമ്പുള്ള തങ്ങളുടെ പ്രണയകാലത്തെ ഓർത്തെടുക്കുന്നതാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം 'സോളമന്റെ തേനീച്ചകൾ' ഫെയിം ദർശനയാണ് പാട്ടിലുള്ളത്.
മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സിനിമയിൽ സൈജു കുറുപ്പ് വേഷമിടുന്നത്.
ഇണക്കങ്ങളുടേയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥ പറയുന്ന ചിത്രത്തിൽ പാപ്പച്ചന്റെ സ്വകാര്യജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ ഏതാനും മുഹൂർത്തങ്ങളും ദൃശ്യവൽക്കരിച്ചിരിക്കുന്നു.
പൂക്കാലം എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമിക്കുന്ന ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്.
നവാഗതനായ സിന്റോ സണ്ണി രചനയും സംവിധാനവും നിർവഹിക്കുന്നു. ശ്രിന്ദ, അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.