നജീം കോയയുടെ മുറിയിലെ എക്സൈസ് റെയ്ഡ്; ക്രിമിനൽ ഗൂഢാലോചനയെന്ന് ബി. ഉണ്ണികൃഷ്ണൻ
Thursday, June 8, 2023 12:33 PM IST
സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഗൂഢാലോചനയുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. നജീം കോയയെ കുടുക്കാൻ ശ്രമിച്ചവരെ വെളിച്ചത്തുകൊണ്ടുവരും വരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
നജീം ഇപ്പോൾ ഒരു വെബ് സീരിസ് സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടു ദിവസം മുൻപ് ജോലി കഴിഞ്ഞ് തിരിച്ചു ഹോട്ടലിലേക്ക് മടങ്ങുമ്പോൾ നജിം തന്റെ സ്പോട്ട് എഡിറ്ററെ റൂമിലേക്ക് വിളിപ്പിച്ചിരുന്നു.
അങ്ങനെ ഹോട്ടലിൽ എത്തുമ്പോൾ അവിടെ ചിലർ കാത്തുനിൽക്കുന്നു. അവർ നജീമിനൊപ്പം ഹോട്ടലിലേക്ക് കയറി. ആ ഹോട്ടലിൽ തന്നെ ജോഷി സര് സംവിധാനം ചെയ്യുന്ന സിനിമയുടെ അംഗങ്ങളും താമസിക്കുന്നുണ്ടായിരുന്നു. റൂമെല്ലാം ഏകദേശം മുഴുവനായും ബുക്കിംഗ് ആണ്. പക്ഷേ ഇവർ വന്ന് നജിം കോയയുടെ റൂമിലേക്ക് മാത്രം കയറി.
നജീമിന് ഒപ്പമുണ്ടായിരുന്ന അസോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറിയിൽ നിന്നും ഇറക്കിവിട്ടു. ശേഷം ഒരു വൻ സംഘം മുറിയുടെ അകത്തു കയറി ലോക്ക് ചെയ്തു. ഇരുപതുപേരുണ്ടായിരുന്നു.
അവർ അദ്ദേഹത്തെ അറിയിച്ചത് എക്സൈസിന്റെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നാണ്. കയറിയ പാടെ ഇദ്ദേഹത്തോട് ചോദിച്ചത്, ‘സാധനം എടുക്കടാ’ എന്നാണ്. രണ്ടു മണിക്കൂറോളം റെയ്ഡ് നടന്നു.
ആ മുറിയുടെ കർട്ടനും തലയിണയും വരെ പരിശോധിച്ചു. പ്രൊഡക്ഷന്‍ നൽകിയ കാർ മുഴുവനും പരിശോധിച്ചു. എന്നിട്ടും അവർ ഉദ്ദേശിച്ച ഒന്നും ലഭിച്ചില്ല. ഇവർ ആരെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു, ‘കിട്ടിയിട്ടില്ല’ എന്ന്.
തന്നെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കാം എന്ന് പറയാൻ പോലും നജീം തയാറായി. ലഹരി ഉപയോഗിക്കാത്ത ഒരാളെ മാത്രം എന്തുകൊണ്ട് പരിശോധന നടത്തി? ആരുടെയോ പരാതിയുടെ പേരിലാണ് റെയ്ഡ് നടന്നത്.
മാനസികമായി തകർന്ന നജിം പിറ്റേദിവസം എന്നെ വിളിച്ചു സംസാരിക്കുകയായിരുന്നു. ഒരു ഇൻഫർമേഷന്റെ പേരിലാണ് തങ്ങൾ വന്നത് എന്ന് മാത്രമായിരുന്നു അവർ നൽകിയ വിശദീകരണം.
റെയ്ഡിനു വന്നത് ഇതിലെ ടോപ്പ് ആളുകളാണ്. ടിപ്പ് എവിടെനിന്നു കിട്ടി എന്നതു പറയണ്ട. പക്ഷേ ഇതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്.” ഉണ്ണികൃഷ്ണൻ പറഞ്ഞു.
നടൻ ടിനി ടോമിനെതിരേയും ഉണ്ണികൃഷ്ണൻ രംഗത്തെത്തി. ലഹരിയെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ ടിനിയെ എന്തുകൊണ്ട് എക്സൈസ് ചോദ്യം ചെയ്തില്ല. ഗുരുതര വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. എക്സൈസിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് അദ്ദേഹം. എന്നിട്ട് എന്താണ് ചെയ്തതെന്നും ഉണ്ണികൃഷ്ണൻ ചോദിച്ചു.
നജീം കോയ താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടൽ മുറിയിലാണ് എക്സൈസ് റെയ്ഡ് നടത്തിയത്. നജീമിന്റെ പക്കൽ ലഹരിമരുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണു പരിശോധന നടത്തിയതെന്നാണ് എക്സൈസ് ഇന്റലിജൻസിന്റെ വിശദീകരണം.
തിങ്കളാഴ്ച രാത്രി രണ്ടു മണിക്കൂറോളമാണ് എക്സൈസ് സംഘം നജീമിന്റെ മുറിയിൽ പരിശോധന നടത്തിയത്. നജീം കോയയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.