ഉദ്ഘാടനങ്ങൾ വിദേശത്തും; അയർലൻഡിൽ തിളങ്ങി ഹണി റോസ്
Thursday, June 8, 2023 9:23 AM IST
ഉദ്ഘാടനങ്ങളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ നടിയെന്ന് വേണമെങ്കിൽ ഹണി റോസിനെ വിശേഷിപ്പിക്കാം. സിനിമയ്ക്കൊപ്പം തന്നെ നിരവധി ഉദ്ഘാടനവേദികളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഹണി. താരത്തിന്റെ ഓരോ ഉദ്ഘാടനങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ നടി വിദേശത്തും ഉദ്ഘാടനത്തിനെത്തിയിരിക്കുന്നു. അയർലൻഡിൽ ഗ്ലാമർലുക്കിലെത്തിയ നടിയുടെ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായി കഴിഞ്ഞു.
അയർലൻഡിലെ ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം. ഡബ്ലിൻ വിമാനത്താവളനത്തിനടുത്തുള്ള ആൽസ സ്പോർട്സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഹണി റോസ് ആദ്യമായാണ് അയർലൻഡിലെത്തുന്നത്.
‘‘മലയാളി ഇല്ലാത്ത നാടുണ്ടോ? ഇവിടെ വന്ന് പുറത്തുപോയപ്പോൾ തന്നെ ആദ്യം കാണുന്നത് മലയാളികളെയാണ്. നാട്ടിൽപോലും ഇത്ര സ്നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ല.
അയർലൻഡില്‍ വന്ന് ആദ്യം തോന്നി നല്ല തണുപ്പുതോന്നി. ഇപ്പോൾ നല്ല കാലാവസ്ഥയാണ്. ഞാന്‍ വന്നതു കൊണ്ട് ആണെന്നു തോന്നുന്നു. അച്ഛനും അമ്മയുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്.
ശങ്കർ രാമകൃഷ്ണൻ സർ സംവിധാനം ചെയ്യുന്ന റാണിയാണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഒരു തെലുങ്ക് സിനിമ വരുന്നുണ്ട്. ഞാൻ അഭിനയിച്ച തെലുങ്ക് ചിത്രം ദൈവാനുഗ്രഹം കൊണ്ട് കുഴപ്പമില്ലാതെ ഓടി. അതിന്റെ പേരിൽ കുറച്ച് ഉദ്ഘാടനങ്ങളൊക്കെ അവിടെ കിട്ടുന്നുണ്ട്.
അയർലൻഡിൽ കുറേ സ്ഥലങ്ങളിൽപോയി. എല്ലാം നല്ല ഭംഗിയുള്ള സ്ഥലങ്ങൾ. ശരിക്കും കുറേ നാളുകൾ ഇവിടെ നിൽക്കണമെന്നുണ്ട്.
പക്ഷേ ജീവിക്കാൻ വേറെ വഴിയില്ലാത്തതുകൊണ്ട് ഇവിടെ നിന്നിട്ട് കാര്യമല്ല. എനിക്ക് ഉദ്ഘാടനങ്ങളും കിട്ടില്ലല്ലോ? അതുകൊണ്ട് തിരിച്ചുപോയേ പറ്റൂ. ഇനിയും വരാം. അടുത്ത പരിപാടികൾക്കും ഇവർ വിളിക്കുമെന്നാണ് പ്രതീക്ഷ.’’–ഹണി റോസ് പറഞ്ഞു.