ആ നടനോട് എന്റെ പേര് പറഞ്ഞിട്ട് അവതാരക തന്നെ പൊട്ടിച്ചിരിക്കുന്നു; ഹണി റോസ്
Friday, June 2, 2023 9:16 AM IST
ബോഡി ഷെയിമിംഗിന് ഇരയാകുന്നതിനെക്കുറിച്ച് നടി ഹണി റോസ്. സമൂഹമാധ്യമങ്ങളിലൂടെ മാത്രമല്ല ടെലിവിഷൻ ചാനലുകളിലൂടെയും ബോഡി ഷെയ്മിംഗിന് ഇരയാകുന്നുണ്ടെന്നും താരം പറഞ്ഞു.
സ്ത്രീകൾ തന്നെ തന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോഴും പൊട്ടിച്ചിരിക്കുന്പോഴുമാണ് ഏറ്റവുമധികം സങ്കടം തോന്നുന്നതെന്നും ഹണി പറയുന്നു. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി ബോഡി ഷെയിമിംഗിനെക്കുറിച്ച് തുറന്നുപറഞ്ഞത്.
ഉദ്ഘാടനം സംബന്ധിച്ച ട്രോളുകളെല്ലാം ഒരു പരിധി വരെ ഞാൻ ആസ്വദിച്ചിട്ടുണ്ട്. പക്ഷേ ആ പരിധി വിടുമ്പോൾ എല്ലാം ബാധിച്ചു തുടങ്ങും. അതിഭീകരമായ വിധത്തിൽ ഞാൻ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ട്.
ഒരാളുടെ ശരീരത്തെക്കുറിച്ചു കളിയാക്കുക എന്നത് കേൾക്കാൻ അത്ര സുഖമുള്ള കാര്യമല്ല. തുടക്കത്തിലൊക്കെ ഞാൻ വിചാരിച്ചിട്ടുണ്ട് എന്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത് എന്ന്. കുറച്ചു കഴിഞ്ഞപ്പോൾ അതിനു ചെവി കൊടുക്കാതെയായി. ഞാൻ മാത്രമല്ല. വീട്ടുകാരും.
പക്ഷേ എനിക്കിപ്പോഴും സങ്കടം തോന്നുന്നത് സ്ത്രീകൾ എന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോഴാണ്. ഞാൻ മാത്രമല്ല ഇത് അഭിമുഖീകരിക്കുന്നത്.
ഈയിടെ ഒരു ചാനൽ പ്രോഗ്രാമിൽ അതിഥിയായി വന്ന നടനോട് അവതാരകയായ പെൺകുട്ടി ചോദിക്കുന്നു, ഹണി റോസ് മുൻപിൽകൂടി പോയാൽ എന്തു തോന്നും? ഇതു ചോദിച്ച് ആ കുട്ടി തന്നെ പൊട്ടിച്ചിരിക്കുകയാണ്.
‘എന്ത് തോന്നാൻ? ഒന്നും തോന്നില്ലല്ലോ’ എന്നു പറഞ്ഞ് ആ നടൻ അത് മാന്യമായി കൈകാര്യം ചെയ്തു.
പക്ഷേ ഈ കുട്ടി ചോദ്യം ചോദിച്ച് ആസ്വദിച്ചു ചിരിക്കുകയാണ്. അതെനിക്കു ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി. എന്തോ ഒരു കുഴപ്പമുണ്ട് എന്ന് അവർ തന്നെ സ്ഥാപിച്ചു വയ്ക്കുകയാണ്. ഇനി ഇവർ എന്നെ അഭിമുഖത്തിനായി വിളിച്ചാൽ ആദ്യം ചോദിക്കുന്ന ചോദ്യം ‘ബോഡി ഷെയ്മിംഗ് കേൾക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകാറുണ്ടോ, വിഷമം ഉണ്ടാകാറുണ്ടോ?’ എന്നായിരിക്കും.
മറ്റൊരു ചാനലിൽ ഇതുപോലെ പ്രശസ്തനായ ഒരു കോമഡി താരം പറയുന്നു. ‘ഇതില്ലെങ്കിലും എനിക്ക് ഉദ്ഘാടനം ചെയ്യാൻ പറ്റും’ എന്ന്. ഇത്രയും മോശം അവസ്ഥയാണ്. അതിനു ചാനലുകൾ അംഗീകാരം കൊടുക്കുന്നു എന്നത് അതിലും പരിതാപകരമാണ്.
ഒരു സ്ത്രീശരീരത്തെപ്പറ്റിയാണ് ഇങ്ങനെ കോമഡി പറയുന്നത്. ഇപ്പോൾ ഞാനതൊക്കെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണു പതിവ്. ഹണി റോസ് പറഞ്ഞു.