പൊന്നിയിൻ സെൽവൻ ഹിന്ദിയിൽ അത്ര ഏറ്റില്ല; കാർത്തി പറയുന്നു
Wednesday, April 19, 2023 12:55 PM IST
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം ഹിന്ദിയിൽ വേണ്ടവിധം വിജയിച്ചില്ലെന്ന് നടൻ കാർത്തി. പൊന്നിയിൻ സെൽവന്റെ കഥ മനസിലാക്കി ആസ്വദിക്കുന്നതിൽ ഉത്തരേന്ത്യക്കാർ ബുദ്ധിമുട്ടിയെന്നും കഥാപാത്രങ്ങളുടെ പേരുകൾ മറന്നുപോകുന്നതിനാലാണ് അവർക്ക് അത്രയധികമായി സിനിമ ആസ്വദിക്കാൻ സാധിക്കാതിരുന്നതെന്നും കാർത്തി പറഞ്ഞു.
പൊന്നിയിൻ സെൽവനിലെ വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പുഷ്പ പോലുള്ള ചിത്രങ്ങൾ മൊഴിമാറിയെത്തി ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിൽ നേടിയ വിജയം പൊന്നിയിൻ സെൽവന് നേടാനായില്ല. പൊന്നിയിൻ സെൽവന്റെ കഥ മനസിലാക്കി ആസ്വദിക്കുന്നതിൽ അവിടത്തെ പ്രേക്ഷകർ ബുദ്ധിമുട്ടി.
ഒരുപാട് കഥാപാത്രങ്ങളുള്ള ഒരു നോവൽ വായിക്കുകയാണെന്ന് കരുതുക. കുറച്ച് പേജുകൾ വായിച്ചുകഴിയുമ്പോൾ ചില കഥാപാത്രങ്ങളുടെ പേരുകൾ മറന്നുപോകും. അത് തന്നെയാണ് പൊന്നിയിൻ സെൽവന്റെ കാര്യത്തിൽ ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് സംഭവിച്ചത്.
എന്നാൽ ചിത്രം ഒടിടിയിൽ വന്നപ്പോൾ കാര്യങ്ങൾ മാറി. അവർക്ക് കഥയും കഥാപാത്രങ്ങളും മനസിലായി. ഞങ്ങൾ ഓരോ അഭിനേതാക്കളും ഇങ്ങനെയൊരു സിനിമയുടെ ഭാഗമായതിൽ ഭാഗ്യമെന്ന് കരുതുന്നവരാണ്.
എന്റെ അമ്മ സാധാരണ ഞാനഭിനയിച്ച സിനിമകളേക്കുറിച്ചൊന്നും സംസാരിക്കാത്തയാളാണ്. പക്ഷേ വന്തിയതേവൻ എന്ന കഥാപാത്രമായി എന്നെ കണ്ടത് അവരെ ത്രില്ലടിപ്പിച്ചു. എന്നെ ആ കഥാപാത്രമായി എത്രമാത്രം ആസ്വദിച്ചെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിൽ ഏറെ പ്രതീക്ഷയുണ്ട്. കാർത്തി പറയുന്നു.
ഈ മാസം 28-നാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തുന്നത്. ഐശ്വര്യ റായ്, ചിയാൻ വിക്രം, ജയം രവി, കാർത്തി, തൃഷ കൃഷ്ണൻ, ശരത് കുമാർ, പ്രഭു, ജയറാം, ലാൽ, കിഷോർ, ശോഭിത, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെത്തുന്നത്.