സൂര്യയുടെ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 42 എന്ന് താത്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രം. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ഇത്.

ഇപ്പോഴിതാ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന വാർത്തയാണ് ചിത്രത്തിന്‍റെ നിർമാതാക്കളിൽ ഒരാളായ ജ്ഞാനവേൽ രാജ അദ്ദേഹത്തിന്‍റെ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഏപ്രിൽ 14ന് പുറത്തുവിടുമെന്നാണ് വിവരം. ചിത്രത്തിന്‍റെ ടീസർ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി റിലീസ് ചെയ്യും.

ചിരുതൈ, വേതാളം, വിശ്വാസം, അണ്ണാത്തെ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കു ശേഷം ശിവ സൂര്യയുമായി ഒന്നിക്കുന്ന ചിത്രമാണിത്. ബോളിവുഡ് നടി ദിഷ പഠാണി സൂര്യയുടെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ ദേവിശ്രീപ്രസാദ് സിങ്കത്തിനു ശേഷം സൂര്യയുമായി വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

കഴിഞ്ഞ വർഷം പുറത്തു വിട്ട ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രശസ്ത തെന്നിന്ത്യൻ നിർമാതാവായ ജ്ഞാനവേൽ രാജയുടെ സ്റ്റുഡിയോ ഗ്രീനും വംശി - പ്രമോദിന്‍റെ യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 10 ഭാഷകളിലും ത്രീഡിയിലും റിലീസ് ചെയ്യും.