ചരിത്രം സൃഷ്ടിച്ച ടൈറ്റാനിക്ക് സിനിമ കാണാത്തവരായി ആരുമുണ്ടാകില്ല. ടൈറ്റാനിക് കപ്പൽ ദുരന്തത്തിന്‍റെ കരളലിയിക്കുന്ന കഥപറഞ്ഞ ചിത്രത്തിൽ ഏവരുടെയും കണ്ണുനനയിച്ച രംഗമായിരുന്നു നായകൻ ജാക്കിന്‍റെ മരണം. അനശ്വരപ്രണയത്തിന്‍റെ പ്രതീകങ്ങളായി ജാക്കും റോസും നില്ക്കുമ്പോൾ എന്തിനാണ് അവരുടെ പ്രണയം ദുരന്തകഥയാക്കിയതെന്ന് ചോദിച്ചവരുണ്ട്.

അതേസമയം, ജാക്കിന്‍റെ മരണം ചിത്രത്തിന് അനിവാര്യമാണെന്നു വെളിപ്പെടുത്തുകയാണ് സംവിധായകൻ ജയിംസ് കാമറൂൺ. സിനിമയുടെ ക്ലൈമാക്സിൽ ജാക്കിലും റോസിലും ആരെങ്കിലും ഒരാളേ രക്ഷപ്പെടുമായിരുന്നുള്ളൂ. ഇതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനം കാണുക എന്ന ഉദ്ദേശത്തോട് കൂടി ജാക്കിന്‍റെയും റോസിന്‍റെയും അപ്പോഴത്തെ അവസ്ഥ പുനരാവിഷ്കരിച്ചിരുന്നു. അങ്ങനെയാണ് ജാക്ക് മരിക്കേണ്ടത് ആവശ്യമായിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിച്ചത്.

ഒരു ഹൈപ്പോതെര്‍മിയ വിദഗ്ധന്‍റെ സഹായത്തോടെ ഫോറന്‍സിക് വിശകലനം നടത്തി. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ ഉപയോഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് അദ്ദേഹം പുനഃസൃഷ്ടിച്ചു. കേറ്റിന്‍റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള സ്റ്റണ്ട് കലാകാരന്മാരെ വച്ച് നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞത് അത്തരമൊരു സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രമേ അതിജീവിക്കാനാവൂ എന്നാണ്.' - ജെയിംസ് കാമറൂണ്‍