സ്വത്ത് തർക്കം: ശിവാജി ഗണേശന്റെ മക്കൾ കോടതിയിൽ
Friday, July 8, 2022 4:11 PM IST
നടൻ ശിവാജി ഗണേശന്റെ കുടുംബത്തിൽ സ്വത്തുതർക്കം രൂക്ഷം. ശിവാജിയുടെ പെണ്മക്കളായ ശാന്തി നാരായണസ്വാമി, രാജ്വി ഗോവിന്ദരാജൻ എന്നിവർ സഹോദരൻമാരായ നടൻ പ്രഭു, നിർമാതാവ് രാംകുമാർ എന്നിവർക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. പ്രഭുവിന്റെ മകൻ നടൻ വിക്രം പ്രഭുവിന് നേരെയും ഇവർ ആക്ഷേപം ഉന്നയിച്ചു.
തങ്ങളുടെ അറിവോ സമ്മതമോ കുടാതെ കുടുംബസ്വത്തുക്കൾ സഹോദരൻമാർ വിറ്റെന്നും മറ്റു ചിലത് അവരുടെ മക്കളുടെ പേരിൽ ആക്കിയെന്നും ഹർജിയിൽ പറയുന്നു. തങ്ങളുടെ അനുവാദം കൂടാതെ ശിവാജിയുടെ പേരിലുള്ള ചെന്നൈ ഗോപാലപുരത്തെ കോടികൾ വിലമതിക്കുന്ന ബംഗ്ലാവ് പ്രഭുവും രാംകുമാറും ചേർന്ന് വിറ്റു. 1000 പവൻ സ്വർണം, വജ്രം-വെള്ളി ആഭരണങ്ങളും ചെന്നൈയിലെ ശാന്തി തീയറ്ററിലെ 82 കോടി വിലവരുന്ന ഓഹരിയും തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.
അമ്മയുടെ പേരിലുള്ള തഞ്ചാവൂരിലെ സ്ഥലവും വിറ്റതായി പരാതിയുണ്ട്. ഹിന്ദു പിന്തുടാർച്ചാവകാശ നിയമം അനുസരിച്ച് നാല് മക്കൾക്കും ശിവാജിയുടെയും പത്നിയുടെയും സ്വത്തിൽ തുല്ല്യാവകാശമാണെന്നും നോട്ടീസ് പറയുന്നു.
2001-ൽ അന്തരിച്ച ശിവാജി ഗണേശൻ തമിഴ്, മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിലായി
മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1952-ൽ പുറത്തിറങ്ങിയ ’പാസമലർ’ ആണ് ആദ്യ ചിത്രം.