ജുറാസിക് പാർക്കിലെ വേഷം വേണ്ടെന്നു വച്ച ശ്രീദേവി
Wednesday, December 15, 2021 3:49 PM IST
ഇന്ത്യയിൽ മുഴുവൻ ആരാധകരുള്ള താരമായിരുന്നു ആകസ്മികമായി വേർപിരിഞ്ഞ നടി ശ്രീദേവി. ബോളിവുഡിലെ ലേഡി അമിതാഭ് ബച്ചൻ എന്നാണ് നടിയെ അറിയപ്പെട്ടിരുന്നത്. നാലാം വയസിൽ ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശ്രീദേവി പിന്നീട് നായികയായി വളർന്നു.
1969- ൽ കുമാരസംഭവം എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിൽ എത്തുന്നത്. 1976-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത് കമലഹാസൻ നായകനായി അഭിനയിച്ച മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലൂടെയാണു നായികയായി അരങ്ങേറ്റം കുറിക്കുന്നത്.1976- ൽ പുറത്തിറങ്ങിയ കുറ്റവും ശിക്ഷയുമാണ് ശ്രീദേവിയുടെ ആദ്യത്തെ മലയാള സിനിമ.
ഹിമ്മത്ത്വാല എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി ബോളിവുഡിൽ എത്തുന്നത്. ചെറിയ സമയം കൊണ്ടു തന്നെ ബോളിവുഡിന്റെ താരറാണിയാവാൻ ശ്രീദേവിക്കു കഴിഞ്ഞു. വർഷങ്ങളോളം ബോളിവുഡ് അടക്കി വാഴുകയും ചെയ്തിരുന്നു. ലോക സിനിമാ ലോകത്തും ശ്രീദേവിയുടെ പേര് ചർച്ച ചെയ്യപ്പെട്ടിരുന്നു.
1993-ൽ പുറത്ത് ഇറങ്ങിയ ജുറാസിക് പാർക്കിലേക്ക് ശ്രീദേവിയെ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ക്ഷണിച്ചിരുന്നു. എന്നാൽ ഓഫർ താരം നിരസിക്കുകയായരുന്നു. കഥാപാത്രത്തിന് വ്യാപ്തിയില്ല എന്ന കാരണം കൊണ്ടാണ് നടി അന്ന് ജുറാസിക് പാർക്ക് നിരസിച്ചത്.
സിനിമയിൽ ശോഭിച്ച് നിൽക്കുന്ന സമയത്താണ് ശ്രീദേവിയെ തേടി ജുറാസിക് പാർക്ക് എത്തുന്നത്. ഈ ചിത്രം തന്റെ കരിയർ മെച്ചപ്പെടുത്തില്ലെന്ന് തോന്നിയതു കൊണ്ടാണ് അന്ന് സ്റ്റീവൻ സ്പിൽബെർഗിന്റെ ഓഫർ നിരസിച്ചത്. ശ്രീദേവി നിരസിച്ച ചിത്രങ്ങളിൽ ഒന്നു മാത്രമാണ് ജുറാസിക് പാർക്ക്. കഥാപാത്രം ഇഷ്ടമാവാത്തതിനെ തുടർന്ന് നിരവധി ബോളിവുഡ് ചിത്രങ്ങൾ നടി വേണ്ടെന്നു വച്ചിരുന്നു.