മരിക്കാൻ സമയമില്ല..! "നോ ടൈം ടു ഡൈ' റിലീസ് വീണ്ടും നീട്ടി
Saturday, October 3, 2020 10:55 AM IST
പുതിയ ജെയിംസ് ബോണ്ട് ചിത്രമായ "നോ ടൈം ടു ഡൈ' റിലീസ് വീണ്ടും വൈകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും റീലീസ് നീട്ടുന്നത്. അടുത്ത വർഷം ഏപ്രിൽ രണ്ട് വരെ ചിത്രത്തിന്റെ റിലീസ് നീട്ടുകയാണെന്ന് നിർമാണ കമ്പനി അറിയിച്ചു.
നേരത്തെ നവംബറോടെ ചിത്രം റിലീസ് ചെയ്യാനാവുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ ലോകത്താകെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കാലതാമസം ആരാധകരെ നിരാശപ്പെടുത്തുമെന്ന് തങ്ങൾ മനസിലാക്കുന്നു. എന്നാൽ "നോ ടൈം ടു ഡൈ' അടുത്ത വർഷം റിലീസ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും സിനിമയുടെ വെബ്സൈറ്റിൽ പറയുന്നു.
കാരി ജോജി ഫുക്വാങ്കയാണ് പുതിയ ബോണ്ട് സംവിധാനം ചെയ്യുന്നത്. സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ ദൗര്‍ഭാഗ്യങ്ങളായിരുന്നു. ആദ്യ സംവിധായകന് ഡാനി ബോയല്‍ ഇടയ്ക്ക് ചിത്രീകരണം ഉപേക്ഷിച്ചു പോയതിനാല്‍ ഷൂട്ടിങ് മാസങ്ങളോളം തടസപ്പെട്ടു. അതിന് പിന്നാലെ ആക്ഷൻ രംഗം ചെയ്യുന്നതിനിടെ ഡാനിയല്‍ ക്രെയ്ഗിന് അപകടം പറ്റി.
ജെയിംസ് ബോണ്ട് സീരിസിലെ 25-ാം ചിത്രമാണ് 'നോ ടൈം ടു ഡൈ. ഡാനിയല്‍ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. തട്ടിക്കൊണ്ടു പോകലിനിരയായ ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാനുള്ള സുഹൃത്തിന്റെ ആവശ്യം സ്വീകരിച്ച് ജമൈക്കയില്‍ ബോണ്ട് എത്തുന്നതാണ് ചിത്രം.
ജമൈക്കയ്ക്കു പുറമേ നോര്‍വേ, ഇറ്റലി, ഇംഗ്ളണ്ട്, സ്കോട്ലന്റിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. പിയേഴ്സ് ബ്രോസ്നനു ശേഷം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ നായകനായ ക്രെയ്ഗിന്റെ അവസാന ബോണ്ട് വേഷമാണ് ഇത്.