കണ്ടേജിയൻ; വർഷങ്ങൾക്ക് മുന്‍പേ കൊറോണ പ്രവചിച്ച സിനിമ!
Tuesday, March 24, 2020 10:28 AM IST
ലോക രാജ്യങ്ങൾ ഒന്നടങ്കം കൊറോണ ഭീതിയിൽപ്പെട്ട സമയമാണിപ്പോൾ. ചൈനയിലെ വുഹാനിൽ നിന്ന് പടർന്ന വൈറസ് നിരവധി രാജ്യങ്ങളിലാണ് എത്തിയിരിക്കുന്നത്. വൈറസ് ബാധയെ തുടർന്ന് ചൈന, ഇറ്റലി. യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി പേരാണ് മരണപ്പെട്ടത്. ഇന്ത്യയിലും കൊവിഡ് 19 കാര്യമായി ബാധിച്ചിരുന്നു. ലോകമെന്പാടും കൊറോണ പടരുന്ന സമയത്ത് ഇന്റർനെറ്റിൽ ഒരു ഹോളിവുഡ് ചിത്രം തരംഗമായികൊണ്ടിരിക്കുകയാണ്.
വർഷങ്ങൾക്ക് മന്പു തന്നെ കൊറോണ പ്രവചിച്ച കണ്ടേജിയൻ എന്ന സയൻസ് ഫിക്ഷൻ ത്രില്ലറാണ് വീണ്ടും തരംഗമാവുന്നത്. 2011ൽ സ്റ്റീവൻ സോഡെൻബർഗിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണിത്. കൊറോണ ആഗോള മഹാമാരിയായി പടരുന്ന സമയത്ത് ഒന്‍പത് വർഷം മുൻപ് ഇങ്ങനെയൊരു രോഗവും അതുണ്ടാക്കുന്ന ദുരന്തവും പ്രവചിച്ച സിനിമയാണ് കണ്ടേജിയൻ.
ചൈനയിൽ നിന്നും വ്യാപിക്കുന്ന ഒരു വൈറസ് ലക്ഷങ്ങളെ കൊന്നൊടുക്കുന്നതായിരുന്നു സിനിമയുടെയും പ്രമേയം. ചിത്രത്തിൽ ബിസിനസ് ആവശ്യത്തിനായി ഹോങ്കോങ്ങിലെത്തുന്ന ബെത്ത് എന്ന സ്ത്രീക്ക് മാംസ മാർക്കറ്റിൽ നിന്നും വൈറസ് ബാധിക്കുന്നു. തിരികെ അമേരിക്കയിലെത്തിയ ഇവർ വീട്ടിൽ കുഴഞ്ഞു വീഴുന്നു. ഭർത്താവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നാലെ അവരുടെ മകനും സമാന രീതിയിൽ മരിക്കുന്നു. രണ്ട് മരണങ്ങളുടെയും കാരണം മാരകമായ വൈറസാണെന്ന് തെളിയുന്നു. എം ഇ വി-1 എന്നായിരുന്നു ചിത്രത്തിൽ വൈറസിന്റെ പേര്. വൈറസിന്റെ ഉറവിടം കണ്ടെത്തി പ്രതിരോധമാർഗം വികസിപ്പിക്കുന്പോഴേക്കും ലോകത്താകെ ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നു. ഇതായിരുന്നു ചിത്രത്തിൽ കാണിച്ചത്.
ആളൊഴിഞ്ഞ വിമാനത്താവളങ്ങൾ, തിരക്കില്ലാത്ത ഒറ്റപ്പെട്ട നഗരങ്ങൾ, ഏകാന്ത വാസത്തിൽ അഭയം തേടിയ ജനങ്ങൾ, രോഗികൾക്കായി ക്വാറന്റൈൻ വാർഡുകൾ തുടങ്ങിയവ കണ്ടേജിയനിലും കാണിച്ചിരുന്നു. മാറ്റ് ഡാമൻ, മരിയോണ്‍, ലോറൻസ് ഫിഷ്ബേണ്‍, ജൂഡ്ലോ, കേറ്റ് വിൻസ്ലെറ്റ്, ഗിന്നത്ത് പാൾട്രോ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ലക്ഷക്കണക്കിന് ആളുകളാണ് കൊറോണ സമയത്ത് ഈ ചിത്രം ഓണ്‍ലൈനിൽ കാണുന്നത്. 2020 ജനുവരിയിൽ ഐ ട്യൂണ്‍സിൽ എറ്റവും കൂടുതൽ പേർ തേടിയെത്തിയ പത്ത് സിനിമകളുടെ ലിസ്റ്റിൽ കണ്ടേജിയനും ഇടം പിടിച്ചിരുന്നു. കൂടാതെ വാർണർ ബ്രദേഴ്സിന്റെ 2020ലെ കാറ്റലോഗിൽ എറ്റവും കൂടുതൽ ആളുകൾ കാണുന്ന രണ്ടാമത്തെ സിനിമയും ഇതാണ്.
കണ്ടേജിയനൊപ്പം 1995ൽ പുറത്തിറങ്ങിയ സമാന പ്രമേയമുളള ഒൗട്ട് ബ്രേക്ക് എന്ന സിനിമയും ഇന്റർനെറ്റിൽ ഇപ്പോൾ തരംഗമാണ്. കണ്ടേജിയൻ വെറും ഒരു സിനിമ ആയിരുന്നോ? അതോ കൊറോണ വിപത്തിനെപറ്റിയുളള മുന്നറിയിപ്പ് ആയിരുന്നോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം.