നോ ടൈം ടു ഡൈ..! പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ പ്രദർശനം നീട്ടിവച്ചു
Thursday, March 5, 2020 11:19 AM IST
ലോകത്തെയാകെ തോക്കിൻമുനയിൽ ചൂണ്ടിനിർത്തുന്ന സീക്രട്ട് ഏജന്റ് ജെയിംസ് ബോണ്ടിനും കൊറോണയെ പേടി. ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രം "നോ ടൈം ടു ഡൈ' (No Time To Die)യുടെ പ്രദർശനം നീട്ടിവച്ചു. കൊറോണ വൈറസ് ലോകത്താകെ പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ചിത്രത്തിന്റെ റിലീസിംഗ് നംവബറിലേക്കാണ് മാറ്റിയത്. ഈ ഏപ്രിലിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ മൈക്കൾ ജി. വിൽസണും ബാർബറ ബ്രോക്കോളിയുമാണ് ഇക്കാര്യം അറിയിച്ചത്. യുകെയിൽ നവംബർ 12 നും ലോകവ്യാപകമായി നവംബർ 25 നും ചിത്രം പ്രദർശനത്തിനെത്തും.
ജെയിംസ് ബോണ്ട് സീരിസിലെ 25-ാം ചിത്രമാണ് "നോ ടൈം ടു ഡൈ'. ഡാനിയല്‍ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്. നോ ടൈം ടു ഡൈ ഉൾപ്പെടെ അഞ്ച് ബോണ്ട് ചിത്രങ്ങളിലാണ് ക്രെയ്ഗ് വേഷമിട്ടത്. പുതിയ ചിത്രത്തിന്റെ നിർമാണ പങ്കാളി കൂടിയാണ് ക്രെയ്ഗ്. കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ ദൗര്‍ഭാഗ്യങ്ങളായിരുന്നു. ആദ്യ സംവിധായകന് ഡാനി ബോയല്‍ ഇടയ്ക്ക് ചിത്രീകരണം ഉപേക്ഷിച്ചു പോയതിനാല്‍ ഷൂട്ടിംഗ് മാസങ്ങളോളം തടസപ്പെട്ടു. അതിന് പിന്നാലെ ആക്ഷൻ രംഗം ചെയ്യുന്നതിനിടെ ക്രെയ്ഗിന് അപകടം പറ്റി.
തട്ടിക്കൊണ്ടു പോകലിനിരയായ ശാസ്ത്രജ്ഞനെ രക്ഷിക്കാനുള്ള സുഹൃത്തിന്റെ ആവശ്യം സ്വീകരിച്ച് ജമൈക്കയില്‍ ബോണ്ട് എത്തുന്നതാണ് ചിത്രത്തിന്റെ തുടക്കം. ജമൈക്കയ്ക്കു പുറമേ നോര്‍വേ, ഇറ്റലി, ഇംഗ്ലണ്ട്, സ്കോട്ലന്റിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.